ഉത്തരേന്ത്യന്‍ തിയറ്റര്‍ വ്യവസായത്തിന് വലിയ ആശ്വാസമായി ‘ഗദര്‍ 2’

ദക്ഷിണേന്ത്യന്‍, ഉത്തരേന്ത്യന്‍ തിയറ്റര്‍ വ്യവസായങ്ങളില്‍ ഇപ്പോൾ ഒരേപോലെ ജനപ്രളയം ദൃശ്യമാവുകയാണ്. ബോളിവുഡില്‍ നിന്ന് കഴിഞ്ഞ വാരാന്ത്യത്തില്‍ രണ്ട് ചിത്രങ്ങള്‍ ഒരുമിച്ച് എത്തിയതില്‍ കൂടുതല്‍ പ്രേക്ഷകരെ നേടിയത് ഗദര്‍ 2 ആണ്.

സണ്ണി ഡിയോള്‍ നായകനാവുന്ന ചിത്രം 2001 ല്‍ പുറത്തെത്തി അതിഗംഭീര വിജയം നേടിയ ഗദര്‍: ഏക് പ്രേം കഥയുടെ രണ്ടാം ഭാഗമാണ്. സണ്ണി ഡിയോള്‍ താര സിംഗ് ആയിത്തന്നെ എത്തിയിരിക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം അമീഷ പട്ടേലുമുണ്ട്. അനില്‍ ശര്‍മ്മയാണ് സംവിധായകന്‍. പ്രാദേശികതയുള്ള ചിത്രങ്ങള്‍ ബോളിവുഡില്‍ നിന്ന് അപ്രത്യക്ഷമാവുകയാണെന്ന ഏറെക്കാലമായുള്ള ആക്ഷേപങ്ങള്‍ക്കിടെയാണ് ഗദര്‍ 2 എത്തുന്നത്. വലിയ സീറ്റിംഗ് കപ്പാസിറ്റിയുള്ള ഉത്തരേന്ത്യന്‍ സിംഗിള്‍ സ്ക്രീനുകളില്‍ ജനസാഗരമാണ്. ചിത്രത്തിന്‍റെ കളക്ഷനെ ഇത് വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ട്. പഠാന് ശേഷം ബോളിവുഡില്‍ തിയറ്ററുകളെ കാര്യമായി ചലിപ്പിച്ച ചിത്രം എന്ന വിലയിരുത്തലാണ് ചിത്രത്തിന് ലഭിക്കുന്നത്.

ബോളിവുഡിലെ 2023ലെ ഏറ്റവും വലിയ സര്‍പ്രൈസ് ഹിറ്റാണ് ഗദര്‍ 2. രണ്ട് പതിറ്റാണ്ട് മുന്‍പ് ഇറങ്ങിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം മുന്‍നിര സ്റ്റുഡിയോകള്‍ കൈയ്യൊഴിഞ്ഞ ചിത്രമായിരുന്നു. അവസാനം സംവിധായകന്‍ തന്നെ നിര്‍മ്മാതാവിന്‍റെ വേഷവും അണിഞ്ഞ ചിത്രം ഓഗസ്റ്റ് 11ന് റിലീസായ ശേഷം സൃഷ്ടിച്ചത് ചരിത്രമാണ്. ബോളിവുഡിലെ മുന്‍നിരയില്‍ നിന്നും ഏതാണ്ട് അപ്രത്യക്ഷനായിരുന്ന തൊണ്ണൂറുകളുടെ പൌരുഷ നായകന്‍ സണ്ണി ഡിയോളിന് ഗംഭീര തിരിച്ചുവരവ് കൂടിയാണ് ചിത്രം.


ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം ചിത്രം 12 ദിവസത്തില്‍ 411 കോടി ആഗോളതലത്തില്‍ തന്നെ നേടിയെന്നാണ്. ചിത്രം 500 കോടി ക്ലബ് കടക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ഓ​ഗസ്റ്റ് 23-ന് ഇന്ത്യയിൽ നിന്നുമാത്രം 10.40 കോടി ചിത്രം സ്വന്തമാക്കിയെന്നാണ് വിവരങ്ങൾ. 80 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ കളക്ഷന്‍ വച്ച് നോക്കിയാല്‍ ഹിന്ദി സിനിമയിലെ അടുത്തകാലത്ത് ഇറങ്ങിയ ഏറ്റവും വലിയ വിജയമാണ് ചിത്രം എന്ന് കാണാം. ഷാരൂഖ് അഭിനയിച്ച പഠാന്‍ മാത്രമാണ് കളക്ഷനില്‍ ഗദാര്‍ 2ന് മുന്നില്‍ ഉള്ളത്.എന്നാല്‍ പഠാന് 250 കോടിക്ക് അടുത്താണ് നിര്‍‌മ്മാണ ചിലവ്. പഠാന്‍റെ കളക്ഷനെ ഗദര്‍ 2 മറികടക്കുമോ എന്നതും ഇപ്പോള്‍ ബോളിവുഡില്‍ ചര്‍ച്ചയാകുന്നുണ്ട്.