കഴിഞ്ഞ ഒക്ടോബറിൽ കോംപറ്റീഷൻ കമ്മിഷൻ (സിസിഐ) പുറപ്പെടുവിച്ച നിർദേശങ്ങൾ നടപ്പാക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് ഗൂഗിൾ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. പുതിയ ആൻഡ്രോയ്ഡ് ഫോണുകളിൽ ഗൂഗിൾ ആപ്പുകൾ നിർബന്ധപൂർവം ഇൻസ്റ്റാൾ ചെയ്യുന്നത് ഇതോടെ അവസാനിക്കും. ഏതൊക്കെ ആപ്പുകൾ വേണമെന്ന് ഇനി ഫോൺ നിർമാതാക്കൾക്കു തീരുമാനിക്കാം.
എല്ലാ ആപ്പുകളും ഗൂഗിൾ നിർബന്ധപൂർവം നൽകിയിരുന്നപ്പോൾ സൗജന്യമായിരുന്നെങ്കിൽ ഇനി കമ്പനികൾ ഓരോ ആപ്പിനും വില നൽകേണ്ടി വരും. ഫോണിൽ ഗൂഗിൾ അല്ലാതെ മറ്റൊരു സേർച് എൻജിൻ ഉപയോഗത്തിനായി തിരഞ്ഞെടുക്കുന്നതും ലളിതമാക്കി. പുതിയ ഫോൺ ഉപയോഗിച്ചു തുടങ്ങുമ്പോൾ തന്നെ മറ്റു സേർച് എൻജിനുകൾ കൂടി ഉപയോക്താവിനു തിരഞ്ഞെടുക്കാനായി അവതരിപ്പിക്കും.
ആൻഡ്രോയ്ഡ് ആപ്പുകളിൽ പണം ചെലവാക്കുമ്പോൾ ഗൂഗിൾ പ്ലേ ബില്ലിങ് സംവിധാനം നിർബന്ധമായി ഉപയോഗിക്കുന്ന രീതിയിലും മാറ്റം വന്നു. ഗൂഗിൾ പ്ലേയോടൊപ്പം മറ്റു ബില്ലിങ് സംവിധാനങ്ങളും ഉപയോക്താവിനു തിരഞ്ഞെടുക്കാം. ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സ്വതന്ത്ര പതിപ്പുകൾ നിർമിക്കാൻ മറ്റു ഡവലപ്പർമാരെ അനുവദിക്കുന്ന തരത്തിൽ ആൻഡ്രോയ്ഡിന്റെ പിന്നണിയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതോടെ, സിസിഐ നിർദേശങ്ങൾ പാലിച്ച് ഗൂഗിൾ നിയമനടപടിയിൽ നിന്ന് ഒഴിവായിരിക്കുകയാണ്

