രാജ്യാന്തര വില റെക്കോർഡിലെത്താതിരുന്നിട്ടും രാജ്യത്തു സ്വർണവില പുതിയ റെക്കോർഡിലെത്താനുള്ള കാരണം ഡോളറിനെതിരെ രൂപയ്ക്കുണ്ടായ മൂല്യത്തകർച്ചയാണ്.
2020ൽ സ്വർണവില 42000 രൂപയായപ്പോൾ രാജ്യാന്തരവിപണിയിൽ സ്വർണവില 2077 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലായിരുന്നു. എന്നാൽ അന്ന് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 74 ആയിരുന്നു.എന്നാൽ ഇപ്പോൾ 1935 ഡോളർ നിലവാരത്തിലേക്ക് രാജ്യാന്തര വിപണിയിലെ വില കടക്കുമ്പോൾ സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് മറികടന്നു. രൂപയുടെ മൂല്യം 81.60 ആയി കുറഞ്ഞതാണ് കാരണം. രാജ്യാന്തര വിപണിയിലെ സ്വർണവിലയും രൂപയുടെ വിനിമയ നിരക്കും കണക്കിലെടുത്താണ് ദിവസവും ആഭരണ വിപണിയിൽ വില നിശ്ചയിക്കുന്നത്.
രാജ്യാന്തര വില ഉയരാനുള്ള കാരണം ഡോളർ ദുർബലമാകുന്നതും , ഉയർന്ന പണപ്പെരുപ്പം ,മാന്ദ്യ സൂചനകളും ആഗോള സാമ്പത്തിക അസ്ഥിരതയും, മാന്ദ്യഭീതിയിൽ പല രാജ്യങ്ങളുടെയും കേന്ദ്രബാങ്കുകൾ നിക്ഷേപം ഉയർത്തിയതു മൂലം ഡിമാൻഡ് ഉയരുന്നതും ,സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട നിക്ഷേപകർ കൂടുതൽ സ്വർണം വാങ്ങുന്നതും രാജ്യാന്തര വില ഉയരാനുള്ള കാരണമാകുന്നു

