ഇന്ത്യ ഉയര്‍ന്ന തീരുവ ചുമത്തുന്നു ; ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി അമേരിക്ക.

അമേരിക്കന്‍ മദ്യത്തിനും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ഇന്ത്യ ഉയര്‍ന്ന തീരുവ ചുമത്തുന്നതായി അമേരിക്ക കുറ്റപ്പെടുത്തി. തീരുവ വിഷയത്തില്‍ കാനഡയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടി നല്‍കവേ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ആണ് ഇന്ത്യയുടെ ഉയര്‍ന്ന തീരുവകളെക്കുറിച്ച് പരാമര്‍ശിച്ചത്

പതിറ്റാണ്ടുകളായി കാനഡ അമേരിക്കയെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ ജനതയ്ക്കും ഇവിടുത്തെ തൊഴിലാളികള്‍ക്കും മേല്‍ കാനഡ ചുമത്തുന്ന തീരുവകളുടെ നിരക്കുകള്‍ പരിശോധിച്ചാല്‍, അത് വളരെ ഭയാനകമാണെന്നും കാനഡയില്‍ അമേരിക്കന്‍ ചീസിനും വെണ്ണയ്ക്കും ഏകദേശം 300 ശതമാനം ആണ് തീരുവയെന്നും അവര്‍ പറഞ്ഞു. അതിന് ശേഷമാണ് ഇന്ത്യയെക്കുറിച്ച് പ്രസ് സെക്രട്ടറി പരാമര്‍ശിച്ചത്. “ഇന്ത്യയില്‍ നോക്കൂ..അമേപരിക്കന്‍ മദ്യത്തിന് 150 ശതമാനം ആണ് തീരുവ. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം ആണ് തീരുവ.’കരോലിന്‍ ലീവിറ്റ പറഞ്ഞു. ഇന്ത്യ, കാനഡ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഈടാക്കുന്ന താരിഫുകള്‍ കാണിക്കുന്ന ഒരു ചാര്‍ട്ട് വാര്‍ത്താസമ്മേളനത്തില്‍ ലിവീറ്റ് ഉയര്‍ത്തി കാട്ടി.

ഇന്ത്യ ഈടാക്കുന്ന ഉയര്‍ന്ന താരിഫുകളെ പ്രസിഡന്‍റ് ട്രംപ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിമര്‍ശിച്ചുവരികയാണ്. ഇതിന് പിന്നാലെയാണ് ഇന്ത്യക്കെതിരെ വിമര്‍ശനവുമായി വൈറ്റ്ഹൗസ് രംഗത്തെത്തിയിരിക്കുന്നത്. ഉയര്‍ന്ന താരിഫ് നിരക്കുകള്‍ കാരണം ഇന്ത്യയുമായുള്ള വ്യാപാരം വളരെ ബുദ്ധിമുട്ടാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യ താരിഫ് കുറയ്ക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്നും ഇത് അവരുടെ വ്യാപാര രീതികളുടെ വര്‍ദ്ധിച്ച സൂക്ഷ്മപരിശോധനയ്ക്ക് കാരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.