ആ തട്ടിപ്പ് ഇനി നടക്കില്ല; സിം ഇല്ലെങ്കിൽ വാട്സാപ്പും ടെലഗ്രാമും പ്രവർത്തിക്കില്ല

ഫോണിൽ നിന്നു സിം കാർഡ് മാറ്റിയാൽ ഇനി വാട്സാപ്പ്, ടെലഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കില്ല. ഇതുസംബന്ധിച്ച് ഫെബ്രുവരി 28നകം സംവിധാനം നടപ്പാക്കാൻ കേന്ദ്ര ടെലികോം വകുപ്പ് ടെലികോം കമ്പനികൾക്ക് നിർദേശം നൽകി. നിലവിലെ സംവിധാനത്തിൽ ആപ്പിൽ രജിസ്റ്റർ ചെയ്യുമ്പോൾ മാത്രം സിം വെരിഫിക്കേഷൻ മതിയായിരുന്നു. തുടർന്ന് സിം ഇല്ലാതെയും ആപ്പുകൾ ഉപയോഗിക്കാനായതോടെ വ്യാപക തട്ടിപ്പുകൾക്കും കുറ്റകൃത്യങ്ങൾക്കും സാധ്യത ഉണ്ടായിരുന്നു.

സിം ഇല്ലാത്ത തട്ടിപ്പ് വ്യാപകമായിരുന്നു

സിം ഉപേക്ഷിച്ച ശേഷം വൈഫൈ ഉപയോഗിച്ച് ക്രിമിനലുകൾ ആപ്പുകൾ പ്രവർത്തിപ്പിക്കുന്നതായി സുരക്ഷാ ഏജൻസികൾ കണ്ടെത്തിയിരുന്നു. സിം ഇല്ലാത്തതിനാൽ ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടെത്താൻ ഏറെ പ്രയാസവുമായിരുന്നു. സിം ഡീആക്ടിവേറ്റ് ചെയ്താലും വിദേശത്തുനിന്നുപോലും വാട്സാപ്പ് അക്കൗണ്ട് ദുരുപയോഗം ചെയ്യാൻ കഴിഞ്ഞിരുന്നു.

ഇനി ‘സിം ബൈൻഡിങ്’ നിർബന്ധം

ഇനി മുതൽ ഫോണിൽ രജിസ്റ്റർ ചെയ്ത സിം കാർഡ് ഇല്ലെങ്കിൽ ആപ്പുകൾ പ്രവർത്തിക്കാത്ത തരത്തിൽ സാങ്കേതിക മാറ്റം വരുത്തണം എന്നതാണ് നിർദേശം. സിം മാറ്റുകയോ ഒഴിവാക്കുകയോ ചെയ്താൽ ആപ്പിന്റെ പ്രവർത്തനം തൽക്ഷണം നിലയ്ക്കണം.ഇത് ഇപ്പോൾ യുപിഐ, ബാങ്ക് ആപ്പുകളിൽ നിലവിലുള്ള സുരക്ഷാ സംവിധാനത്തിന്റെ മാതൃകയിലാണ്. ഉദാഹരണത്തിന്, ഫോണിൽ രജിസ്റ്റർ ചെയ്ത സിം ഇല്ലെങ്കിൽ ഗൂഗിൾ പേ വഴി ഇടപാട് നടത്താൻ സാധിക്കില്ല.

കൂടുതൽ പ്ലാറ്റ്ഫോമുകൾക്കും നിർദേശം

വാട്സാപ്പ്, ടെലഗ്രാം എന്നിവയ്ക്കുപുറമെ ഹായ്, സ്നാപ്ചാറ്റ്, ഷെയർചാറ്റ്, ജിയോചാറ്റ്, ജോഷ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്കും സമാന നിർദേശം നൽകിയിട്ടുണ്ട്.‘സിം ബൈൻഡിങ്’ സംവിധാനം നിർബന്ധമാക്കണമെന്നത് സെല്ലുലർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (COAI) ദീർഘകാലമായി ഉന്നയിച്ച ആവശ്യവുമാണ്.

‘വാട്സാപ്പ് വെബ്’ ഉപയോഗത്തിലും നിയന്ത്രണം

കമ്പ്യൂട്ടറിൽ വാട്സാപ്പ് ഉപയോഗിക്കാൻ സഹായിക്കുന്ന ‘വാട്സാപ്പ് വെബ്’ ഇനി ഓരോ 6 മണിക്കൂറിലും സ്വയം ലോഗ് ഔട്ട് ആകണം. വീണ്ടും ഉപയോഗിക്കാൻ ആപ്പ് ഉള്ള ഫോണിൽ നിന്ന് ക്യുആർ കോഡ് സ്കാൻ ചെയ്ത് ലോഗിൻ ചെയ്യേണ്ടിവരും.ഇതുവരെ ഒരിക്കൽ ലോഗിൻ ചെയ്താൽ ആഴ്ചകളോളം വെബ് വേർഷൻ ലോഗിൻ നിലയിൽ തുടർന്നിരുന്ന സാഹചര്യമാണ് നിലനിന്നിരുന്നത്. ഈ സംവിധാനം ദുരുപയോഗം തടയാനാണ് പുതിയ നിയന്ത്രണം.