തീരുവകളിലൂടെ ലഭിക്കുന്ന വരുമാനത്തിൽ നിന്ന് അമേരിക്കൻ പൗരന്മാർക്ക് 2,000 ഡോളർ (ഏകദേശം 1.76 ലക്ഷം രൂപ) വരെ തിരികെ നൽകാൻ ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഈ തുക “അമേരിക്കയിലെ ജനങ്ങൾക്ക് ഡിവിഡന്റ്” ആയി വിതരണം ചെയ്യുന്നത് പരിഗണിക്കുമെന്നാണ് ട്രംപിന്റെ പ്രസ്താവന.
ട്രംപ് വ്യക്തമാക്കി, ഈ വർഷം ഏപ്രിൽ മുതൽ വിദേശ രാജ്യങ്ങൾക്കെതിരെ ഏർപ്പെടുത്തിയ തീരുവകൾ പ്രാബല്യത്തിൽ വന്നതോടെ അമേരിക്കയ്ക്ക് വൻ വരുമാനം ലഭിക്കാനാണ് സാധ്യത. “ഈ തീരുവകളിലൂടെ ഒരു വർഷം ഒരു ട്രില്യൺ ഡോളറിലധികം (ഏകദേശം 82 ലക്ഷം കോടി രൂപ) വരുമാനം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” എന്ന് അദ്ദേഹം വൺ അമേരിക്ക ന്യൂസ് നെറ്റ്വർക്കിനോട് പറഞ്ഞു.
ജനങ്ങൾക്ക് തിരികെ നൽകുന്ന തുക എത്രയാകുമെന്ന് ചോദിക്കുമ്പോൾ, “ഞങ്ങൾ 1,000 മുതൽ 2,000 ഡോളർ വരെ ആലോചിക്കുന്നു,” എന്നായിരുന്നു ട്രംപിന്റെ മറുപടി.
തീരുവകളിലൂടെ ലഭിക്കുന്ന വരുമാനം ആദ്യം അമേരിക്കയുടെ കടബാധ്യത (37 ട്രില്യൺ ഡോളർ – ഏകദേശം 300 ലക്ഷം കോടി രൂപ) കുറയ്ക്കുന്നതിനായി വിനിയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കി. “തീരുവ വരുമാനത്തിലെ കുതിച്ചുചാട്ടം കണക്കിലെടുക്കുമ്പോൾ ഈ കടം താരതമ്യേന വളരെ ചെറുതാണ്. ആദ്യം കടം തീർക്കും, തുടർന്ന് ജനങ്ങൾക്ക് പണം വിതരണം ചെയ്യും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

