അടുത്ത സാമ്പത്തിക വർഷം മെച്ചെപ്പെട്ടാൽ മാത്രo പെൻഷൻ ; ധനവകുപ്പിന്റെ ഉത്തരവ്

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി അടുത്ത സാമ്പത്തിക വർഷം (2023–24) മെച്ചെപ്പെട്ടാൽ മാത്രമേ സർവീസ് പെൻഷൻകാർക്കുള്ള പെൻഷൻ പരിഷ്കരണ കുടിശികയും ക്ഷാമാശ്വാസ (ഡിആർ) കുടിശികയും നൽകാൻ കഴിയൂ എന്നു വ്യക്തമാക്കി ധനവകുപ്പിന്റെ ഉത്തരവ്. ഈ വർഷത്തെക്കാൾ സാമ്പത്തിക ബുദ്ധിമുട്ട് അടുത്ത വർഷമാകും സർക്കാർ നേരിടുകയെന്നു ധനമന്ത്രി വ്യക്തമാക്കിയിട്ടുള്ളതിനാൽ അടുത്ത വർഷവും കുടിശിക ലഭിക്കാനുള്ള സാധ്യത വിരളമാണ്.

അഞ്ചേകാൽ ലക്ഷം പെൻഷൻകാരാണ് സംസ്ഥാനത്തുള്ളത്. പെൻഷൻ പരിഷ്കരണം 2019 ജൂലൈ മുതൽ മുൻകാല പ്രാബല്യം നൽകിയാണു സംസ്ഥാനത്തു നടപ്പാക്കിയത്. കുടിശിക 4 ഗഡുക്കളായി നൽകുമെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു നൽകിയിരുന്ന ഉറപ്പ്. ഒന്നും രണ്ടും ഗഡുക്കൾ നൽകി. പെൻഷൻ കുടിശികയിനത്തിൽ 2,800 കോടിയും ക്ഷാമാശ്വാസ കുടിശികയായി 1,400 കോടിയുമാണു നൽകാനുള്ളത്