കമ്പനിയുടെ പ്രവർത്തനങ്ങളിൽ വിവിധ മേഖലകളിൽ നിർണായക മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന അഞ്ചു പുതുതലമുറ സ്റ്റാർട്ട്അപ്പുകളുമായി സഹകരിക്കാൻ തയ്യാറാണെന്ന് മാരുതി സുസുക്കി അറിയിച്ചു. പ്രവർത്തനക്ഷമത വർധിപ്പിക്കൽ, ഉയർന്ന കൃത്യതയോടെയുള്ള വാഹന നിർമാണം, ഗുണനിലവാരം മെച്ചപ്പെടുത്തൽ, ജോലിസ്ഥല സുരക്ഷ ഉറപ്പാക്കൽ, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തൽ, പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കൽ തുടങ്ങിയ മേഖലകളിൽ സഹായകരമാകുന്ന സ്റ്റാർട്ട്അപ്പുകളുമായാണ് സഹകരണം.
ഓഗൂർ എഐ, ആത്രാൽ, സെൻ മൊബിലിറ്റി, ഇൻഡസ് വിഷൻ, പ്രോക്സ്ഗി എന്നീ അഞ്ചു സ്റ്റാർട്ട്അപ്പുകളെയാണ് മാരുതി സുസുക്കി തെരഞ്ഞെടുത്തിരിക്കുന്നത്. മാരുതി സുസുക്കി ഇൻക്യുബേഷൻ പ്രോഗ്രാമിന്റെ (എംഎസ്ഐപി) നാലാം ഘട്ടത്തിലാണ് ഇവരെ തെരഞ്ഞെടുക്കിയത്. ഐഐഎം ബെംഗളൂരുവിലെ സ്റ്റാർട്ട്അപ്പുകൾക്കും സംരംഭകർക്കുമായി പ്രവർത്തിക്കുന്ന ഇൻക്യുബേഷൻ ഹബുമായും, സംരംഭകത്വ പരിശീലനം നൽകുന്ന നടരാജൻ എസ്. രാഘവൻ സെന്ററുമായും ചേർന്നാണ് എംഎസ്ഐപി സംഘടിപ്പിക്കുന്നത്.
നൂറിലേറെ രാജ്യങ്ങളിലേക്ക് മാരുതി സുസുക്കി വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നും, ഓരോ വിപണിയിലെയും ഉപഭോക്തൃ താൽപര്യങ്ങളും പ്രവർത്തന രീതികളും വ്യത്യസ്തമാണെന്നും മാരുതി സുസുക്കി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി തകൗച്ചി വ്യക്തമാക്കി. പുതിയ മോഡലുകളും പവർട്രെയിനുകളും തുടർച്ചയായി അവതരിപ്പിക്കുന്ന സാഹചര്യത്തിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പുതുതലമുറ സാങ്കേതികവിദ്യയുടെ പിന്തുണയോടെ മാത്രമേ മികവ് ഉറപ്പാക്കാനും സങ്കീർണതകൾ മറികടക്കാനും ദീർഘകാല വളർച്ച കൈവരിക്കാനും കഴിയൂവെന്നും, പുതിയ സ്റ്റാർട്ട്അപ്പുകളുമായുള്ള സഹകരണം കൂടുതൽ കൃത്യതയുള്ള നിർമാണത്തിനും തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും സഹായകരമാകുമെന്നും തകൗച്ചി കൂട്ടിച്ചേർത്തു.
