ഇലക്ട്രിക് വാഹന വിപണിയിൽ പുതിയ അധ്യായം കുറിച്ച് മഹീന്ദ്ര XUV 3XO ഇവി ഇന്ത്യയിൽ അവതരിപ്പിച്ചു. 13.89 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ വില ആരംഭിക്കുന്ന ഈ പുതിയ ഇലക്ട്രിക് എസ്യുവി, നിലവിലെ XUV 400-ന് പകരക്കാരനായാണ് എത്തുന്നത്. രണ്ട് വേരിയന്റുകളിലും (AX5, AX7 L) ഒറ്റ ബാറ്ററി പായ്ക്ക് ഓപ്ഷനിലുമാണ് 3XO ഇവി ലഭ്യമാകുന്നത്.
ഡിസൈൻ കാര്യത്തിൽ, നോർമൽ XUV 3XO-യുടെ സ്റ്റൈലിംഗ് തന്നെയാണ് ഇവി പതിപ്പും പിന്തുടരുന്നത്. ബോഡി കളർ ഗ്രില്ലും ബോഡി കളർ ഇൻസേർട്ടുകളോടെയുള്ള പുതുക്കിയ സെൻട്രൽ എയർ വെന്റുമാണ് പ്രധാന ദൃശ്യ മാറ്റങ്ങൾ. XUV 400 പോലെ തന്നെ, 3XO ഇവിയിലും കോപ്പർ ഫിനിഷ് ട്രിം ഇൻസേർട്ടുകളും പ്രത്യേക എക്സ്റ്റേണൽ ബാഡ്ജിംഗും നൽകിയിട്ടുണ്ട്. ‘ട്വിൻ പീക്ക്സ്’ മഹീന്ദ്ര ലോഗോയും കോപ്പർ ഫിനിഷിലാണ്.
ഇന്റീരിയറിലേക്ക് കടക്കുമ്പോൾ, ക്യാബിൻ ഡിസൈൻ ഏറെ പരിചിതമായതാണ്. എന്നാൽ പുതിയ ഇന്റീരിയർ കളർ ഓപ്ഷനുകളും ഡാഷ്ബോർഡ്, ഡോറുകൾ, സെന്റർ കൺസോൾ എന്നിവിടങ്ങളിലെ കോപ്പർ ഇൻസേർട്ടുകളും കാറിന് പുതുമ നൽകുന്നു.
പവർട്രെയിൻ വിഭാഗത്തിൽ, AX5, AX7 L വേരിയന്റുകൾ 39.4 kWh ബാറ്ററി പായ്ക്കോടെയാണ് എത്തുന്നത്. ഇത് XUV 400 ഇവിയിലേതിന് സമാനമായ ശേഷിയാണ്. 148 bhp പവറും 310 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഫുൾ ചാർജിൽ ഏകദേശം 285 കിലോമീറ്റർ വരെ റിയൽ-വേൾഡ് ഡ്രൈവിംഗ് റേഞ്ച് ലഭിക്കുമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു.
ഫീച്ചറുകളുടെ കാര്യത്തിൽ AX5 വേരിയന്റിൽ മൂന്ന് ഡ്രൈവ് മോഡുകൾ, ഫ്രീക്വൻസി സെലക്ടീവ് ഡാംപറുകൾ, സൺറൂഫ്, ഡ്യുവൽ 10.25 ഇഞ്ച് ഡിസ്പ്ലേകൾ, അലക്സ ബിൽറ്റ്-ഇൻ അഡ്രിനോക്സ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ, 16 ഇഞ്ച് അലോയി വീലുകൾ, LED പ്രൊജക്ടർ ഹെഡ്ലാമ്പുകൾ, ക്രൂയിസ് കൺട്രോൾ, റിയർ വ്യൂ ക്യാമറ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി & ഗോ, വയർലെസ് ചാർജിംഗ് പാഡ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ESP, 6 എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടോപ്പ്-എൻഡ് AX7 L വേരിയന്റിൽ പനോരമിക് സൺറൂഫ്, ലെതറെറ്റ് അപ്ഹോൾസ്റ്ററി, 17 ഇഞ്ച് അലോയി വീലുകൾ, ഫോഗ് ലാമ്പുകൾ, ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഓട്ടോ ഡിമ്മിംഗ് IRVM, കൂൾഡ് ഗ്ലൗവ്ബോക്സ്, കൂടാതെ ലെവൽ 2 ADAS സാങ്കേതികവിദ്യയും ലഭ്യമാക്കുന്നു.
2026 ഫെബ്രുവരി 23 മുതൽ XUV 3XO ഇവിയുടെ ഡെലിവറികൾ ആരംഭിക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.

