പഴയകാല ബസുകളുടെ സവിശേഷ രൂപകൽപ്പനയിൽ നിർമ്മിച്ച കെഎസ്ആർടിസിയുടെ പുതിയ വിന്റേജ് ബസ് സർവീസ് ആരംഭിച്ചു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്ത ഈ ബസ് ആദ്യമായി പേരൂർക്കട – കിഴക്കേകോട്ട റൂട്ടിലാണ് സർവീസ് നടത്തുന്നത്. അറുപതുകളിലും എഴുപതുകളിലും കേരളത്തിന്റെ നിരങ്ങളിൽ ഓടിയിരുന്ന ബസുകളുടെ രൂപഭാവം പുനർസൃഷ്ടിച്ചാണ് ഈ വിന്റേജ് ബസ് നിർമ്മിച്ചിരിക്കുന്നത്. കെഎസ്ആർടിസിയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ബസ് അവതരിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.
ടൂറിസം ആവശ്യങ്ങൾക്കും വിവാഹം പോലുള്ള പ്രത്യേക പരിപാടികൾക്കുമായി ഈ ബസ് വാടകയ്ക്ക് ലഭ്യമാക്കാനാകുമെന്നും മന്ത്രി അറിയിച്ചു. 2013 മോഡൽ അശോക് ലെയ്‌ലാൻഡ് ഷാസിയിലാണ് വിന്റേജ് ശൈലിയിലുള്ള ബോഡി നിർമ്മിച്ചിരിക്കുന്നത്. പഴയകാല ബസുകളുടെ ചിത്രങ്ങൾ പഠിച്ചാണ് കെഎസ്ആർടിസി എൻജിനീയർമാർ ഈ രൂപകൽപ്പന ഒരുക്കിയത്. അന്നത്തെ അശോക് ലെയ്‌ലാൻഡിന്റെ പഴയ ലോഗോ വരെ ഉപയോഗിച്ചാണ് ബസ് ഒരുക്കിയിരിക്കുന്നത്.വിദേശ രാജ്യങ്ങളിൽ വിന്റേജ് മാതൃകയിലുള്ള ബസുകൾ ടൂറിസത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ടെന്നും അതുപോലെ കേരളത്തിലും ഒരു വിന്റേജ് ബസ് പുറത്തിറക്കണമെന്നുമായിരുന്നു മന്ത്രിയുടെ നിർദ്ദേശം. അതിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പിലാക്കിയത് എന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥർ പറഞ്ഞു.
കെഎസ്ആർടിസിയുടെ സെൻട്രൽ വർക്ക്‌ഷോപ്പിലാണ് ബസിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പഴയകാല ബസുകളുടെ ഗ്രിൽ, ഹെഡ്‌ലൈറ്റ്, വിൻഡ്‌ഷീൽഡ് രൂപകൽപ്പന എന്നിവ അതേപടി പുനർനിർമിച്ചാണ് വാഹനം ഒരുക്കിയിരിക്കുന്നത്. നിറവും ഡിസൈനും പഴയ ബസുകളെ ഓർമ്മിപ്പിക്കുന്നതാണ്. 52 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ഈ ബസിന്റെ ഉൾഭാഗവും ലൈറ്റിംഗും പഴയകാലത്തിന്റെ സൗന്ദര്യം പുനരാവിഷ്കരിക്കുന്ന തരത്തിലാണ്. മുന്നോട്ട് തുറക്കാവുന്ന വിൻഡ്‌ഷീൽഡുകളും ഷട്ടർ വിൻഡോകളുമാണ് ബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.കെഎസ്ആർടിസിയുടെ ആദ്യ സർവീസ് ആരംഭിച്ച കവടിയാർ കൊട്ടാരത്തിന്റെ മുന്നിൽ നിന്നാണ് വിന്റേജ് ബസും ഫ്ലാഗ് ഓഫ് ചെയ്തത്. തുടക്കത്തിൽ ഒരു ബസ് മാത്രമായിരിക്കും സർവീസിലുണ്ടാകുക. യാത്രക്കാരിൽ നിന്ന് ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ മറ്റ് റൂട്ടുകളിലേക്കും ഇത്തരത്തിലുള്ള സർവീസുകൾ ആരംഭിക്കാനാണ് പദ്ധതി എന്ന് മന്ത്രി അറിയിച്ചു.
