ട്രംപിന്റെ പുതിയ തീരുവ വിവാദം; ഡീലിൽ നിന്ന് പിന്മാറുമെന്ന് യൂറോപ്യൻ യൂണിയനും യുകെയും, നേട്ടം ഇന്ത്യക്കും ചൈനയ്ക്കും

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ ആഗോള തീരുവ നടപടിക്ക് പിന്നാലെ യൂറോപ്പിൽ ശക്തമായ പ്രതികരണം ഉയർന്നു. യുഎസുമായി കൈവരിച്ച വ്യാപാര ധാരണയിൽ നിന്ന് പിന്മാറാൻ തയ്യാറാണെന്ന് യൂറോപ്യൻ യൂണിയനും യുകെയും മുന്നറിയിപ്പ് നൽകി. പകരംതീരുവ റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ ട്രംപ് വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയ വ്യാപാര കരാറുകൾ അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ഈ നീക്കം.

എല്ലാ രാജ്യങ്ങൾക്കും 15 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് യൂറോപ്യൻ രാജ്യങ്ങളെ അസ്വസ്ഥരാക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ധാരണപ്രകാരം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള ചില ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം തീരുവയും ചിലതിനോ തീരുവരഹിത കയറ്റുമതിയും അനുവദിച്ചിരുന്നു. എന്നാൽ പുതിയ പ്രഖ്യാപനം എല്ലാ ഉൽപ്പന്നങ്ങൾക്കും ഒരുപോലെ ബാധകമാകുമോയെന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്. എല്ലാവർക്കും ഒരേ നിരക്കാണെങ്കിൽ പ്രത്യേക വ്യാപാര ധാരണയുടെ പ്രസക്തി എന്താണെന്ന ചോദ്യവും യൂറോപ്യൻ രാജ്യങ്ങൾ ഉന്നയിക്കുന്നു.

പുതിയ തീരുവയിൽ കൂടുതൽ വ്യക്തതയും സുതാര്യതയും വേണമെന്നാണ് യൂറോപ്യൻ യൂണിയന്റെ ആവശ്യം. നിലവിലുള്ള വ്യാപാര കരാറിനെ ഇത് എങ്ങനെ ബാധിക്കും എന്നതിൽ വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. യൂറോപ്യൻ പാർലമെന്റിലെ രാജ്യാന്തര വാണിജ്യ സമിതി അധ്യക്ഷൻ യുഎസിന്റെ നീക്കത്തെ തീരുവ അരാജകത്വമായി വിശേഷിപ്പിച്ചു. വിഷയത്തിൽ വ്യക്തത ലഭിക്കുന്നതുവരെ യുഎസുമായുള്ള വ്യാപാര കരാർ മരവിപ്പിക്കാനുള്ള സാധ്യതയും പരിഗണനയിലുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം യുകെയും ആശങ്കയിലാണ്. മുമ്പ് 10 ശതമാനം തീരുവയായിരുന്നു യുഎസിലേക്കുള്ള കയറ്റുമതിക്ക് ബാധകമായിരുന്നത്. പുതിയ പ്രഖ്യാപനത്തോടെ അത് 15 ശതമാനമായി ഉയരാൻ സാധ്യതയുണ്ട്. ഇതോടെ മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് വ്യാപാരത്തിൽ ഉണ്ടായിരുന്ന മുൻതൂക്കം നഷ്ടമാകുമെന്നാണ് യുകെയുടെ വിലയിരുത്തൽ. എങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ബാധിക്കില്ലെന്നാണ് യുകെ സർക്കാരിന്റെ പ്രതികരണം.

ട്രംപിന്റെ പുതിയ പ്രഖ്യാപനം ചില ഏഷ്യൻ രാജ്യങ്ങൾക്ക് നേട്ടമാകുമെന്ന വിലയിരുത്തലും ഉയരുന്നു. ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്ക് മുമ്പ് ചുമത്തിയിരുന്ന ഉയർന്ന തീരുവയിൽ കുറവ് വന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയുടെ തീരുവ 18 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറഞ്ഞതായും, ചൈനയുടെത് 32 ശതമാനത്തിൽ നിന്ന് ശരാശരി 24 ശതമാനമായി കുറഞ്ഞതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഏഷ്യൻ രാജ്യങ്ങളുടെ ശരാശരി തീരുവയും കുറഞ്ഞതായി വിലയിരുത്തലുണ്ട്. എന്നാൽ ഈ ഇളവ് ദീർഘകാലം തുടരുമോയെന്നത് വ്യക്തമല്ലെന്നാണ് വിലയിരുത്തൽ.

ട്രംപിന്റെ തീരുവ നയത്തിൽ അടിസ്ഥാനപരമായ മാറ്റമില്ലെന്നാണ് യുഎസ് വ്യാപാര പ്രതിനിധിയുടെ വിശദീകരണം. നടപ്പാക്കുന്ന രീതിയിലാണ് മാറ്റമുണ്ടായതെന്നും, മുമ്പ് ചുമത്തിയ തീരുവയ്ക്ക് തുല്യമായ നിരക്കുകൾ മറ്റ് മാർഗങ്ങളിലൂടെ പ്രാബല്യത്തിൽ കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.