ടാൽക്കം പൗഡർ വിവാദം; 52,800 കോടി രൂപ നഷ്ടപരിഹാരത്തിന് ജോൺസൺ ആൻഡ് ജോൺസൺ തയ്യാറായി

ടാൽക്കം പൗഡർ ഉപയോഗിച്ചതിനെ തുടർന്ന് അണ്ഡാശയ കാൻസർ ബാധിച്ചെന്നാരോപിച്ച് അമേരിക്കയിൽ വർഷങ്ങളായി തുടരുന്ന പതിനായിരക്കണക്കിന് കേസുകൾ ഒത്തുതീർപ്പാക്കാൻ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ (J&J) നീക്കം തുടങ്ങി. നഷ്ടപരിഹാരമായി 5.5 ബില്യൺ ഡോളർ (ഏകദേശം 52,800 കോടി രൂപ) നൽകാനാണ് കമ്പനിയുടെ തീരുമാനം. അമേരിക്കൻ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നിയമ ഒത്തുതീർപ്പുകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

അമേരിക്കയിലെ ഫെഡറൽ, സ്റ്റേറ്റ് കോടതികളിലായി നിലവിലുള്ള 76,000-ത്തോളം അണ്ഡാശയ കാൻസർ കേസുകളാണ് ഈ ഒത്തുതീർപ്പ് നിർദേശത്തിൽ ഉൾപ്പെടുന്നത്. എന്നാൽ പരാതിക്കാരിൽ 95 ശതമാനം പേരെങ്കിലും ഈ വ്യവസ്ഥകൾ അംഗീകരിച്ചാൽ മാത്രമേ ഒത്തുതീർപ്പ് പ്രാബല്യത്തിൽ വരികയുള്ളു.

നഷ്ടപരിഹാരം രണ്ട് ഘട്ടങ്ങളായി

കമ്പനിയുടെ നിർദേശമനുസരിച്ച് 2027-ൽ 3 ബില്യൺ ഡോളർ (ഏകദേശം 28,800 കോടി രൂപ) നൽകും. ശേഷിക്കുന്ന തുക 2028-ലായിരിക്കും വിതരണം ചെയ്യുക. അതേസമയം, ഒത്തുതീർപ്പിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തെ ആശ്രയിച്ച് ആകെ നഷ്ടപരിഹാര തുക 7 ബില്യൺ ഡോളറിലേയ്ക്ക് (ഏകദേശം 67,200 കോടി രൂപ) വരെ ഉയരാൻ സാധ്യതയുണ്ടെന്ന് പരാതിക്കാരുടെ അഭിഭാഷകർ വ്യക്തമാക്കുന്നു.

കമ്പനി പറയുന്നത്

ടാൽക്കം പൗഡർ സുരക്ഷിതമാണെന്നും അതിൽ കാൻസറിന് കാരണമാകുന്ന ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്നുമുള്ള നിലപാടിൽ ജോൺസൺ ആൻഡ് ജോൺസൺ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. തെറ്റ് സമ്മതിക്കുന്നതിനല്ല, മറിച്ച് ഒരു പതിറ്റാണ്ടിലേറെയായി നീളുന്ന ചെലവേറിയ നിയമപോരാട്ടങ്ങൾക്ക് വിരാമമിടാനാണ് ഒത്തുതീർപ്പിലേക്ക് നീങ്ങുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.

എന്തായിരുന്നു ആരോപണം?

ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡറും മറ്റ് ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ദീർഘകാലം ഉപയോഗിച്ചതിനെ തുടർന്നാണ് അണ്ഡാശയ കാൻസർ ബാധിച്ചതെന്ന് നിരവധി സ്ത്രീകൾ ആരോപിച്ചിരുന്നു. ഉൽപ്പന്നങ്ങളിൽ കാൻസറിന് കാരണമാകുന്ന ആസ്ബറ്റോസ് അടങ്ങിയിരുന്നുവെന്നും പരാതിക്കാർ വാദിച്ചു. എന്നാൽ ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാട്ടി കമ്പനി ഈ ആരോപണങ്ങൾ തുടർച്ചയായി നിഷേധിച്ചു.
വിവാദങ്ങളെ തുടർന്ന് 2020-ൽ അമേരിക്കയിൽ ടാൽക്കം അടിസ്ഥാനമാക്കിയുള്ള ബേബി പൗഡറിന്റെ വിൽപ്പന കമ്പനി അവസാനിപ്പിച്ചിരുന്നു. നിലവിൽ അവിടെ കോൺസ്റ്റാർച്ച് (ചോളം) അടിസ്ഥാനമാക്കിയുള്ള പൗഡറാണ് വിപണനം ചെയ്യുന്നത്.

‘ടെക്സാസ് ടു-സ്റ്റെപ്പ്’ തന്ത്രവും കോടതിയുടെ ഇടപെടലും

കേസുകളിൽ നിന്ന് രക്ഷപ്പെടാൻ ‘ടെക്സാസ് ടു-സ്റ്റെപ്പ്’ എന്നറിയപ്പെടുന്ന വിവാദ നിയമതന്ത്രവും കമ്പനി പരീക്ഷിച്ചിരുന്നു. ഇതിനായി പുതിയ ഉപകമ്പനി രൂപീകരിച്ച് അതിനെ പാപ്പരായി പ്രഖ്യാപിക്കുകയും, എല്ലാ കേസുകളും ഒരൊറ്റ ഒത്തുതീർപ്പിലേക്ക് മാറ്റാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ സാമ്പത്തികമായി ശക്തമായ കമ്പനി പാപ്പരത്ത നിയമം ദുരുപയോഗം ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്കൻ കോടതികൾ ഈ നീക്കം മൂന്ന് തവണ തള്ളിക്കളഞ്ഞു.

ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന ഒത്തുതീർപ്പ് നിർദേശം പരാതിക്കാർക്ക് മുന്നിൽ അവതരിപ്പിക്കും. അർഹരായ 76,000-ത്തിലധികം പരാതിക്കാരിൽ 95 ശതമാനം പേർ ഇത് അംഗീകരിച്ചാൽ വർഷങ്ങളായി നീണ്ടുനിൽക്കുന്ന ഈ നിയമപോരാട്ടത്തിന് വിരാമമാകും. അല്ലാത്തപക്ഷം, കേസ് വീണ്ടും അമേരിക്കൻ കോടതികളിൽ ദീർഘകാലം തുടരുമെന്നാണ് വിലയിരുത്തൽ.