ചെക്ക് ക്ലിയറിങ്ങിൽ വിപ്ലവകരമായ മാറ്റം; ആർ.ബി.ഐ പുതിയ നിർദേശം

ചെക്ക് ക്ലിയറിങ്ങ് പ്രക്രിയയിൽ വലിയ മാറ്റമാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ഇനി മുതൽ ബാങ്കിൽ സമർപ്പിക്കുന്ന ചെക്കുകൾ അന്നേ ദിവസം വൈകിട്ട് 7 മണിക്കകം ക്ലിയർ ചെയ്യണം. പുതിയ സംവിധാനം ഒക്ടോബർ 4 മുതൽ പ്രാബല്യത്തിൽ വരും.
നിലവിലെ സംവിധാനം
ഇപ്പോൾ ചെക്ക് ട്രങ്കേഷൻ സിസ്റ്റം (CTS) ബാച്ച് ക്ലിയറിങ് രീതിയിലാണ് പ്രവർത്തിക്കുന്നത്. ബാങ്കുകൾക്ക് ലഭിച്ച ചെക്കുകൾ ബന്ധപ്പെട്ട ബാങ്കിലേക്ക് അയച്ചതിന് ശേഷം നടപടിക്രമങ്ങൾ പൂർത്തിയാകാൻ 1–2 ദിവസം വരെ എടുക്കാറുണ്ട്.

പുതിയ സംവിധാനം (ഒക്ടോബർ 4 മുതൽ)
ചെക്കിന്റെ ഡിജിറ്റൽ ഇമേജ് കൂടാതെ ബന്ധപ്പെട്ട വിവരങ്ങളാണ് ഇനി കൈമാറ്റം ചെയ്യുക.

ഇരു ബാങ്കുകളും മണിക്കൂറുകൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കും.

അന്നേ ദിവസം തന്നെ ചെക്ക് പാസാകുകയോ, മടങ്ങുകയോ ചെയ്ത വിവരം ഉപഭോക്താവിന് ലഭിക്കും.

രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ചെക്കുകൾ സമർപ്പിക്കാം.

രാവിലെ 10 മുതൽ വൈകിട്ട് 7 വരെ നീളുന്ന കൺഫർമേഷൻ സെഷനിൽ ബാങ്കുകൾ ചെക്കുകൾ പരിശോധിച്ച് തീരുമാനമെടുക്കും.

രണ്ടുഘട്ടങ്ങളിലായി മാറ്റങ്ങൾ

ഒക്ടോബർ 4, 2025 മുതൽ :-സമർപ്പിച്ച ചെക്കുകൾ വൈകിട്ട് 7 മണിക്ക് മുമ്പായി ക്ലിയർ ചെയ്ത് ഫലം ഉപഭോക്താവിനെ അറിയിക്കണം.പാസായാൽ തുക അക്കൗണ്ടിൽ ഉടൻ ലഭ്യമാക്കണം.

ജനുവരി 2026 മുതൽ :-ചെക്ക് സമർപ്പിച്ച് 3 മണിക്കൂറിനകം പാസായോ മടങ്ങിയോ എന്ന് ഉപഭോക്താവിനെ അറിയിക്കണം.

പ്രധാന വ്യവസ്ഥ
ഈ സമയപരിധി ബാങ്കുകൾ പാലിക്കാത്ത പക്ഷം ചെക്ക് ഓട്ടോമാറ്റിക്കായി പാസായതായി കണക്കാക്കും.

അതിനനുസരിച്ച് തുക ഉപഭോക്താവിന്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും.