ഭീകരതയ്‌ക്കെതിരെ ‘പ്രഹാർ’; സൈബർ ആക്രമണങ്ങളും സ്ലീപ്പർ സെല്ലുകളും ലക്ഷ്യംവച്ച് കേന്ദ്രത്തിന്റെ സമഗ്ര നയം

രാജ്യത്തെ ആദ്യ സമഗ്ര തീവ്രവാദ വിരുദ്ധ നയമായ ‘പ്രഹാർ’ (PRAHAAR) കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. അതിർത്തി കടന്നുള്ള പരമ്പരാഗത ഭീകരതയ്ക്ക് പുറമെ സൈബർ ആക്രമണം, ഡ്രോൺ ഭീഷണി, ഡിജിറ്റൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങി പുതിയ തലമുറ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ ലക്ഷ്യമിട്ടുള്ളതാണ് നയം. തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ ‘സീറോ ടോളറൻസ്’ നിലപാട് വീണ്ടും ശക്തമായി ആവർത്തിക്കുന്നതാണ് പ്രഹാർ.

ഏഴ് അടിസ്ഥാന തത്വങ്ങൾ

P – Prevention: ഭീകരാക്രമണങ്ങൾ മുൻകൂട്ടി തടയൽ

R – Response: ഭീഷണികൾക്കെതിരെ വേഗത്തിലുള്ള പ്രതികരണം

A – Aggregating: വിവിധ ഏജൻസികളുടെ ഏകോപനം

H – Human Rights: മനുഷ്യാവകാശ സംരക്ഷണം

A – Attenuating: തീവ്രവൽക്കരണം തടയൽ

A – Aligning: അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തൽ

R – Recovery: ആക്രമണത്തിന് ശേഷം വേഗത്തിലുള്ള പുനരുജ്ജീവനം

ഡിജിറ്റൽ ഭീഷണികൾക്കും സ്ലീപ്പർ സെല്ലുകൾക്കും പൂട്ടിടും

Al-Qaeda, Islamic State (ഐഎസ്ഐഎസ്) തുടങ്ങിയ സംഘടനകൾ സ്ലീപ്പർ സെല്ലുകൾ വഴിയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്ന സാഹചര്യത്തിൽ, ഡ്രോണുകൾ, ക്രിപ്റ്റോകറൻസികൾ, ഡാർക്ക് വെബ്, എൻക്രിപ്റ്റഡ് മെസേജിങ് ആപ്പുകൾ എന്നിവയുടെ ദുരുപയോഗം കർശനമായി നിരീക്ഷിക്കും. രാസ, ജൈവ, ആണവ ആയുധങ്ങൾ (CBRNED) ഭീകരരുടെ കൈകളിലെത്താതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തും.

തീവ്രവൽക്കരണത്തിന് തടയിടും

യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്ന പ്രവണത തടയാൻ മതനേതാക്കൾ, സാമൂഹിക സംഘടനകൾ, എൻജിഒകൾ എന്നിവരുമായി ചേർന്ന് ബോധവൽക്കരണം നടത്തും. ജയിലുകളിൽ തീവ്രവൽക്കരണം തടയാൻ പ്രത്യേക മേൽനോട്ടം ഏർപ്പെടുത്തും. ദാരിദ്ര്യവും തൊഴിലില്ലായ്മയും ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനായി വിദ്യാഭ്യാസ-തൊഴിൽ പദ്ധതികൾ ശക്തിപ്പെടുത്തും.

ആക്രമണമുണ്ടായാൽ ആദ്യ പ്രതികരണം ലോക്കൽ പോലീസിൽ നിന്ന്

ഭീകരാക്രമണം ഉണ്ടായാൽ ആദ്യം പ്രതികരിക്കുക പ്രാദേശിക പോലീസായിരിക്കും. അവർക്കൊപ്പം National Security Guard (NSG), National Investigation Agency (NIA) തുടങ്ങിയ ഏജൻസികളും പ്രവർത്തിക്കും. അന്വേഷണം എൻഐഎയും സംസ്ഥാന പോലീസും സംയുക്തമായി നടത്തും. ഊർജ്ജം, വ്യോമയാനം, റെയിൽവേ, ബഹിരാകാശം തുടങ്ങിയ തന്ത്രപ്രധാന മേഖലകളുടെ സുരക്ഷ ശക്തിപ്പെടുത്തും.

കർശന നിയമനടപടികൾ

ഭാരതീയ ന്യായ സംഹിത (BNS), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) എന്നിവയ്ക്ക് പുറമെ Unlawful Activities (Prevention) Act (UAPA), Prevention of Money Laundering Act (PMLA) തുടങ്ങിയ നിയമങ്ങൾ പ്രയോഗിക്കും. എഫ്.ഐ.ആർ രജിസ്ട്രേഷൻ മുതൽ പ്രോസിക്യൂഷൻ വരെയുള്ള എല്ലാ ഘട്ടങ്ങളിലും നിയമ വിദഗ്ധരുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഭീകരതയുടെ മാറുന്ന സ്വഭാവത്തിന് അനുയോജ്യമായ സമഗ്ര തന്ത്രവുമായി ഇന്ത്യ മുന്നോട്ട് പോകുന്നതിന്റെ അടയാളമായി ‘പ്രഹാർ’ നയം വിലയിരുത്തപ്പെടുന്നു.