സ്വന്തം ചിത്രം 100 കോടി ക്ലബ്ബിൽ; അതേ ദിനം 100 കോടി രൂപയുടെ മൾട്ടി-ഫിലിം കരാറുമായി നിവിൻ പോളി

പുതിയ ചിത്രം ‘സർവം മായ’ 100 കോടി ക്ലബ്ബിൽ ഇടം നേടി മുന്നേറുന്നതിനിടെ, അതേ ദിവസം തന്നെ മറ്റൊരു വമ്പൻ നേട്ടവും സ്വന്തമാക്കി സൂപ്പർ സ്റ്റാർ നിവിൻ പോളി. ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിർമാണ–വിതരണ സ്ഥാപനങ്ങളിലൊന്നായ പനോരമ സ്റ്റുഡിയോസുമായി 100 കോടി രൂപ ചെലവിൽ ഒന്നിലധികം മലയാള സിനിമകൾ നിർമിക്കുന്നതിനുള്ള കരാറിലാണ് നിവിൻ പോളി ഒപ്പുവച്ചത്. പനോരമ സ്റ്റുഡിയോസിനായി കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ നിവിൻ പോളിയോടൊപ്പം ചേർന്നാകും ഈ ചിത്രങ്ങൾ നിർമിക്കുക.

മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ‘ദൃശ്യം 3’ യുമായി ബന്ധപ്പെട്ട കോടികളുടെ കരാറിന് പിന്നാലെയാണ് പനോരമ സ്റ്റുഡിയോസ് ഈ പുതിയ ഡീലിലും ഒപ്പുവയ്ക്കുന്നത്. ബോക്സോഫീസ് വിജയം നേടിയ വമ്പൻ ചിത്രങ്ങളും അവാർഡുകൾ നേടിയ മികച്ച ഉള്ളടക്ക സിനിമകളും ഒരുപോലെ ഒരുക്കിയിട്ടുള്ള നിർമ്മാണ കമ്പനിയാണ് പനോരമ സ്റ്റുഡിയോസ്. അരങ്ങേറ്റ ചിത്രം ‘ഓങ്കാര’ മുതൽ ‘പ്യാർ കാ പഞ്ചനാമ’, ‘ദൃശ്യം’, ‘റെയ്ഡ്’, ‘ഷൈതാൻ’ എന്നിവയും നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ‘ദൃശ്യം 3’ യും ഉൾപ്പെടെ 50-ലധികം അവാർഡുകൾ പനോരമ സ്റ്റുഡിയോസ് ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.

ശക്തമായ കഥാപറച്ചിലും മികച്ച പ്രതിഭകളുമായുള്ള സഹകരണവും വാണിജ്യപരമായി ലാഭകരമായ ഉള്ളടക്കവുമാണ് പനോരമ സ്റ്റുഡിയോയുടെ മുഖ്യ ശ്രദ്ധ. മലയാള സിനിമയിൽ കമ്പനി നടത്താനുദ്ദേശിക്കുന്ന വിപുലീകരണത്തിന്റെ ഭാഗമായാണ് ഈ സഹകരണം. ഇന്ത്യയിലെയും രാജ്യാന്തര വിപണികളിലെയും പ്രേക്ഷകരെ ലക്ഷ്യമിടുന്ന ഈ മൾട്ടി-ഫിലിം ഡീൽ, വ്യത്യസ്ത വിഭാഗങ്ങളിലുള്ള സിനിമകൾ ഒരുക്കുകയും ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങളെ മുഖ്യധാര സിനിമയുമായി സംയോജിപ്പിക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കുന്നു.

മലയാള സിനിമ കഥാപറച്ചിലിലും പ്രകടനാധിഷ്ഠിത സിനിമകളിലും ശക്തമായ ഒരു നിലവാരം സ്ഥാപിച്ചിട്ടുണ്ടെന്ന് പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പഥക് പറഞ്ഞു. വിശ്വാസ്യതയും കഴിവും ജനപ്രിയതയും ഒരുമിച്ച് പ്രതിനിധീകരിക്കുന്ന നിവിൻ പോളിയുമായുള്ള പങ്കാളിത്തം പനോരമ സ്റ്റുഡിയോയുടെ സ്വാഭാവിക പുരോഗതിയാണെന്നും, മികച്ച സിനിമകളിൽ വലിയ നിക്ഷേപം നടത്തുന്നതിനും ദക്ഷിണേന്ത്യയിൽ ദീർഘകാല സൃഷ്ടിപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുമുള്ള തങ്ങളുടെ വഴിയാണ് ഈ സഹകരണമെന്നും അദ്ദേഹം വ്യക്തമാക്കി.

പനോരമ സ്റ്റുഡിയോസുമായുള്ള ഈ സഹകരണം ഒരു നടൻ എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും തനിക്ക് ഏറെ ആവേശകരമാണെന്ന് നിവിൻ പോളി പ്രതികരിച്ചു. അവരുടെ കാഴ്ചപ്പാടും വ്യാപ്തിയും ഗുണനിലവാരമുള്ള സിനിമയോടുള്ള പ്രതിബദ്ധതയും താൻ ഭാഗമാകാൻ ആഗ്രഹിക്കുന്ന കഥകളുമായി പൂർണമായും യോജിക്കുന്നതാണെന്നും, ഒരുമിച്ച് വിനോദകരവും സ്വാധീനമേറിയതുമായ സിനിമകൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും നിവിൻ കൂട്ടിച്ചേർത്തു.