കോടതികളിൽ നിന്ന് തുടർച്ചയായ തിരിച്ചടികൾ നേരിട്ടതിനെ തുടർന്ന് സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിച്ച് ജനനായകൻ സിനിമയുടെ നിർമ്മാതാക്കൾ. വിജയുടെ അവസാന ചിത്രത്തിന്റെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസാണ് നിർണായക തീരുമാനമെടുത്തത്. കേസുമായി മുന്നോട്ടുപോകാൻ തങ്ങൾക്ക് താൽപര്യമില്ലെന്നും ചിത്രം റിവൈസിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടേക്കാമെന്നും നിർമ്മാതാക്കൾ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി രജിസ്ട്രിക്ക് നിർമ്മാതാക്കളുടെ അഭിഭാഷകൻ ഔദ്യോഗികമായി കത്ത് കൈമാറിയിട്ടുണ്ട്.
നിയമപോരാട്ടം തുടർന്നാൽ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലാകുമെന്ന വിലയിരുത്തലാണ് നിർമ്മാതാക്കളെ നിലപാട് മാറ്റാൻ പ്രേരിപ്പിച്ചത്. സിംഗിൾ ബെഞ്ചിൽ വീണ്ടും അപ്പീൽ നൽകിയാൽ നടപടികൾ ആരംഭിക്കാൻ തന്നെ കുറഞ്ഞത് 20 ദിവസമെങ്കിലും വേണ്ടിവരും. തുടർന്ന് സെൻസർ ബോർഡിന് എട്ട് ആഴ്ച വരെ സമയം അനുവദിക്കാൻ കോടതിക്ക് സാധിക്കും. സിംഗിൾ ബെഞ്ചിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചാലും സെൻസർ ബോർഡ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനുള്ള സാധ്യത നിലനിൽക്കും. അതോടെ വിഷയം സുപ്രീം കോടതിവരെയും നീളാൻ സാധ്യതയുണ്ടാകും. ഇത്തരമൊരു നിയമപോരാട്ടം തുടരുകയാണെങ്കിൽ ചിത്രം തിയറ്ററുകളിൽ എത്തുന്ന തീയതി അനിശ്ചിതമായി തുടരുമെന്ന ആശങ്കയാണ് ഉയരുന്നത്.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ റിലീസ് തീയതി പ്രഖ്യാപിച്ചാൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരികയും, അത് കൂടുതൽ നിയമക്കുരുക്കുകൾക്ക് വഴിവയ്ക്കുകയും ചെയ്യും. അങ്ങനെ വന്നാൽ ചിത്രം തെരഞ്ഞെടുപ്പിന് ശേഷമായ മെയ്, ജൂൺ, ജൂലൈ മാസങ്ങളിലേക്കായി നീളാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പിൽ ടിവികെയ്ക്ക് തിരിച്ചടി നേരിട്ടാൽ വിജയ്ക്ക് ഇപ്പോൾ ലഭിക്കുന്ന ജനപ്രീതി തുടരുമോയെന്ന ആശങ്കയും നിർമ്മാതാക്കൾക്കുണ്ട്.
ഏകദേശം 500 കോടി രൂപ ചെലവഴിച്ച ചിത്രത്തിന്റെ പൊങ്കൽ റിലീസ് മുടങ്ങിയതോടെ ഏകദേശം 100 കോടി രൂപയുടെ നഷ്ടമാണ് ഇതിനകം സംഭവിച്ചതെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രം റിലീസ് ചെയ്യാതെ വൈകുന്നത്രയും നഷ്ടം വർധിക്കുമെന്നതാണ് യാഥാർഥ്യം. ഇതിനിടെ മറ്റ് വലിയ ചിത്രങ്ങളുടെ റിലീസുകൾ കൂടി വരുന്നതോടെ പ്രതീക്ഷിക്കുന്ന തീയതി ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്. ഇതിന് പുറമെ ഒടിടി അവകാശങ്ങൾ സ്വന്തമാക്കിയ ആമസോൺ പ്രൈം വീഡിയോ അടക്കമുള്ള പ്ലാറ്റ്ഫോമുകൾ റിലീസിനായി സമ്മർദ്ദം ചെലുത്തുന്ന സാഹചര്യവും നിലനിൽക്കുന്നു. ഈ എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് ഹർജി പിൻവലിക്കുന്നതെന്ന പ്രായോഗിക തീരുമാനത്തിലേക്ക് നിർമ്മാതാക്കൾ എത്തിയത്.
ചിത്രം നിലവിൽ റിവൈസിംഗ് കമ്മിറ്റിയുടെ പരിഗണനയിലാണെന്നാണ് വിവരം. ഫെബ്രുവരി 20ന് ചിത്രം റിലീസ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

