മെറ്റാ പ്രഖ്യാപനം: ഡിസംബർ മുതൽ മെസഞ്ചർ ഡെസ്ക്ടോപ്പ് ആപ്പുകൾക്ക് വിരാമം

ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റാ, മാക്കിനും വിൻഡോസിനുമുള്ള മെസഞ്ചർ ഡെസ്ക്ടോപ്പ് ആപ്പുകൾ 2025 ഡിസംബർ 15 മുതൽ ഔദ്യോഗികമായി നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചു. ഈ തീയതിക്ക് ശേഷം സന്ദേശമയയ്ക്കലിനായി ഉപയോക്താക്കളെ ഫെയ്സ്ബുക്ക് വെബ്സൈറ്റിലേക്ക് തിരിച്ചുവിടും.

വർഷങ്ങളായി നേറ്റീവ് ആപ്പുകളായി ലഭ്യമായിരുന്ന മെസഞ്ചറിന്റെ ഈ സേവനത്തിന് ഇതോടെ അവസാനഘട്ടം വരുന്നു. ആപ്പിൾ ഇൻസൈഡർ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ആപ്പുകൾ പ്രവർത്തനരഹിതമാകുന്നതിന് 60 ദിവസം മുമ്പ് തന്നെ ഉപയോക്താക്കൾക്ക് ഇൻ-ആപ്പ് അറിയിപ്പുകൾ ലഭിക്കാൻ ആരംഭിച്ചിട്ടുണ്ട്.
“മാക്കിലുള്ള മെസഞ്ചർ ആപ്പ് നിർത്തലാക്കുകയാണ്. നിർത്തലാക്കലിന് ശേഷം, നിങ്ങൾക്ക് ഈ ആപ്പിൽ ലോഗിൻ ചെയ്യാൻ കഴിയില്ല; സന്ദേശമയയ്ക്കലിനായി ഫെയ്സ്ബുക്ക് വെബ്സൈറ്റ് ഉപയോഗിക്കാൻ ഓട്ടോമാറ്റിക്കായി റീഡയറക്ട് ചെയ്യപ്പെടും,” എന്ന് മെറ്റാ സപ്പോർട്ട് പേജിൽ പറയുന്നു.

മാക്, വിൻഡോസ് ആപ്പുകൾ നിർത്തലാക്കാനുള്ള തീരുമാനം, ബ്രൗസർ അധിഷ്ഠിത അനുഭവങ്ങളിലേക്കുള്ള മെറ്റായുടെ വ്യാപകമായ നീക്കത്തിന്റെ ഭാഗമാണെന്നും വിദഗ്ധർ വിലയിരുത്തുന്നു. 2024 സെപ്റ്റംബറിൽ തന്നെ മെറ്റാ പ്രോഗ്രസീവ് വെബ് ആപ്പിലേക്ക് (PWA) മാറിയതും ഇതിന് മുൻപുണ്ടായ വലിയ മാറ്റമായിരുന്നു.
എങ്കിലും, വിൻഡോസ് ഉപയോക്താക്കൾക്ക് ഫേസ്ബുക്ക് ഡെസ്ക്ടോപ്പ് ആപ്പ് ഉപയോഗിക്കാൻ ഇപ്പോഴും സാധിക്കും. ഇനി മാക്, വിൻഡോസ് ഉപയോക്താക്കൾക്ക് Facebook.com വഴിയോ (അല്ലെങ്കിൽ ഫെയ്സ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് Messenger.com വഴിയോ) മെസഞ്ചർ ആക്സസ് ചെയ്യേണ്ടിവരും.

മെറ്റാ, ഉപയോക്താക്കൾക്ക് അവരുടെ ചാറ്റ് ഹിസ്റ്ററി സുരക്ഷിതമായി സംരക്ഷിക്കാൻ ചില നിർദേശങ്ങളും നൽകിയിട്ടുണ്ട്. “സെക്യൂർ സ്റ്റോറേജ്” സജീവമാക്കുക, എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ സംരക്ഷിക്കാൻ PIN സജ്ജമാക്കുക, കൂടാതെ Privacy and Safety > End-to-End Encrypted Chats > Message Storage എന്ന വിഭാഗത്തിലെ ക്രമീകരണങ്ങൾ പരിശോധിക്കുക — എന്നാണ് മെറ്റയുടെ നിർദേശം.