എൽപിജി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാൻ സംസ്ഥാന സർക്കാരുകൾ കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. പാചകവാതകത്തിന്റെ വിതരണം തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ നിരീക്ഷണവും നിയന്ത്രണവും ശക്തമാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന്, ഇന്ത്യയിലേക്ക് ക്രൂഡോയും എൽഎൻജിയും ബദൽ കടൽമാർഗങ്ങളിലൂടെ എത്തിക്കാൻ നടപടികൾ ആരംഭിച്ചു. നിലവിൽ ക്രൂഡോയുമായി രണ്ട് കപ്പലുകളും എൽഎൻജിയുമായി രണ്ട് കപ്പലുകളും ഇന്ത്യൻ തീരത്തേക്ക് എത്തുന്ന വഴിയിലാണ്. ഇതിനകം കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് കപ്പലുകൾ ഇന്ത്യയിലെത്തിയിട്ടുണ്ട്.
ഇതിനൊപ്പം റഷ്യയിൽ നിന്നുള്ള ക്രൂഡോയിലിനൊപ്പം എൽഎൻജിയും ഇന്ത്യയിൽ എത്തിക്കുന്നതിന് നടപടി ശക്തമാക്കി. റഷ്യയിൽ നിന്ന് 23 വർഷത്തേക്ക് എൽഎൻജി വാങ്ങാൻ ഗെയിൽ (GAIL) കരാറുണ്ട്. കൂടാതെ കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള എൽഎൻജി വാങ്ങുന്നതും പരിഗണനയിലാണ്.
റഷ്യയിൽ നിന്ന് ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്ന അളവും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതൽ ഒക്ടോബർ വരെ ഇന്ത്യയുടെ മൊത്തം ക്രൂഡോയിൽ ഇറക്കുമതിയിലെ 30–35 ശതമാനം റഷ്യയിൽ നിന്നായിരുന്നു. പിന്നീട് ഡിസംബറോടെ ഇത് 25 ശതമാനത്തിന് താഴെയായി. എന്നാൽ യുഎസ് ചില ഇളവുകൾ നൽകിയതിനെ തുടർന്ന് റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങൽ വീണ്ടും വർധിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഇതിനകം മൂന്നു കോടി ബാരൽ റഷ്യൻ ക്രൂഡോയിൽ ഇന്ത്യ വാങ്ങിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയ്ക്ക് പ്രതിദിനം ഏകദേശം 55 ലക്ഷം ബാരൽ ക്രൂഡോയിലാണ് ആവശ്യം. മുമ്പ് ഇതിന്റെ 55 ശതമാനം ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തിച്ചിരുന്നത്.ഇപ്പോൾ ഇറക്കുമതിയുടെ ഏകദേശം 70 ശതമാനവും ബദൽ മാർഗങ്ങളിലൂടെ എത്തുന്നുവെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. പ്രതിസന്ധിക്കിടയിലും രാജ്യത്ത് ഇന്ധനവിതരണം തടസ്സപ്പെടാതിരിക്കാനുള്ള നടപടികൾ തുടരുകയാണ്.
