ജിയോയുടെ കുതിപ്പ് തുടരുന്നു: നവംബറിൽ 12 ലക്ഷം പുതിയ വരിക്കാർ; കേരളത്തിലും വൻ വളർച്ച
ടെലികോം വിപണിയിൽ ആധിപത്യം കൂടുതൽ ഉറപ്പിച്ച് റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025 നവംബറിൽ മാത്രം ജിയോ 12 ലക്ഷം പുതിയ വരിക്കാരെയാണ് സ്വന്തമാക്കിയത്. ദേശീയതലത്തിൽ രേഖപ്പെടുത്തിയ ഈ മുന്നേറ്റം കേരളത്തിലും വ്യക്തമായി പ്രതിഫലിക്കുന്നു.
കേരളത്തിൽ 41,000 പുതിയ വരിക്കാർ
സംസ്ഥാനത്ത് ജിയോയുടെ സ്വാധീനം ശക്തിപ്പെടുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നവംബർ മാസത്തിൽ കേരളത്തിൽ മാത്രം 41,000 പേർ ജിയോ നെറ്റ്വർക്കിൽ പുതുതായി ചേർന്നു.
സജീവ ഉപയോക്താക്കളുടെ (Active Users) എണ്ണത്തിൽ നേട്ടം കൈവരിച്ച ഏക ടെലികോം ഓപ്പറേറ്ററാണ് ജിയോ. ടെലികോം മേഖലയിലെ മൊത്തം സജീവ ഉപയോക്താക്കളുടെ എണ്ണം 34 ലക്ഷം കുറഞ്ഞ സാഹചര്യത്തിലാണ് ജിയോ ഈ വളർച്ച രേഖപ്പെടുത്തിയത്.
രാജ്യത്തെ 22 ടെലികോം സർക്കിളുകളിൽ 17 എണ്ണത്തിലും സജീവ ഉപഭോക്താക്കളെ നേടുന്നതിൽ ജിയോ മുന്നിലെത്തി. ജമ്മു–കശ്മീർ, പഞ്ചാബ് തുടങ്ങിയ മേഖലകളിലാണ് ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയത്.
ബ്രോഡ്ബാൻഡ് വിഭാഗത്തിലും ജിയോ ആധിപത്യം തുടർന്നു. മൊബൈൽ ബ്രോഡ്ബാൻഡ്, ഫിക്സഡ് വയർലെസ് ആക്സസ് (FWA), അൺലൈസൻസ്ഡ് ബാൻഡ് റേഡിയോ (UBR) എന്നീ വിഭാഗങ്ങളിലായി ചേർന്ന പുതിയ വരിക്കാരിൽ 68 ശതമാനവും ജിയോ സ്വന്തമാക്കിയതായാണ് റിപ്പോർട്ട്.
വരിക്കാരുടെ എണ്ണത്തിലുണ്ടായ സ്ഥിരമായ വർധനയും ഡേറ്റാ ഉപയോഗത്തിലെ കുതിപ്പും 2025-ൽ കമ്പനിയുടെ ശരാശരി വരുമാനം (ARPU) മെച്ചപ്പെടാൻ സഹായിക്കുമെന്ന് വിപണി നിരീക്ഷകർ വിലയിരുത്തുന്നു.

