ഇറാൻ സംഘർഷം: അടുക്കളയിലേക്കും ആശങ്ക; എൽപിജി ക്ഷാമ ഭീതി

ഇറാനും യുഎസ്–ഇസ്രയേൽ സഖ്യവും തമ്മിലുള്ള സംഘർഷം ശക്തമാകുന്നതിനിടെ അതിന്റെ പ്രതിഫലം ഇന്ത്യയിലെ അടുക്കളകളിലേക്കും എത്തുമെന്ന ആശങ്ക ഉയരുന്നു. സംഘർഷ പശ്ചാത്തലത്തിൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ക്രൂഡ് ഓയിലും എൽഎൻജിയും കടൽമാർഗം നീക്കുന്നതിൽ തടസ്സം നേരിടുകയാണ്. ഇതോടൊപ്പം ഖത്തർ എൽഎൻജി ഉൽപാദനം താൽക്കാലികമായി നിർത്തിവച്ചതായും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ ആദ്യം ക്ഷാമം അനുഭവപ്പെടാൻ സാധ്യതയുള്ളത് എൽപിജിക്കാണെന്നാണ് വിലയിരുത്തൽ.

ലോകത്ത് ഏറ്റവും കൂടുതൽ എൽപിജി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യ രണ്ടാമതാണ്. രാജ്യത്ത് ഉപയോഗിക്കുന്ന മൊത്തം എൽപിജിയുടെ ഏകദേശം 90 ശതമാനവും ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് എത്തുന്നത്. പ്രതിവർഷം ഏകദേശം 21 മില്യൺ ടൺ എൽപിജിയാണ് ഗൾഫിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. യുഎസിൽ നിന്നുള്ളത് ഏകദേശം 2 മില്യൺ ടണും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളത് ഒരു മില്യൺ ടണിനടുത്തുമാണ്. നിലവിൽ ഇന്ത്യയിൽ വെറും 30 ദിവസത്തേക്കുള്ള എൽപിജി സ്റ്റോക്കാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ.അതുകൊണ്ട് തന്നെ യുദ്ധവും ഹോർമുസ് കടലിടുക്കിലെ തടസ്സവും നീണ്ടാൽ ഇന്ത്യയിൽ കടുത്ത എൽപിജി ക്ഷാമം ഉണ്ടാകുമെന്ന ആശങ്ക ശക്തമാണ്. എന്നാൽ സംഘർഷം രൂക്ഷമാകുന്നതിന് മുമ്പ് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഇതിനിടെ ഗൾഫ് മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് കൂടുതൽ എൽപിജി വാങ്ങാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

കേരളത്തിലെ എൽപിജി ഉപഭോഗം

എണ്ണക്കമ്പനികളുടെ കണക്കുപ്രകാരം കേരളത്തിൽ ഒരു കോടിയിലധികം എൽപിജി ഉപയോക്താക്കളുണ്ട്. ഇതിൽ ഏകദേശം 95 ലക്ഷത്തോളം പേർ സജീവ ഉപയോക്താക്കളാണ്. പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് കീഴിൽ മാത്രം മൂന്ന് ലക്ഷത്തിലധികം ഉപയോക്താക്കളുമുണ്ട്.അതേസമയം ഇന്ത്യ ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ 85–90 ശതമാനവും ഇറക്കുമതിയിലാണ് ആശ്രയിക്കുന്നത്. അതിൽ ഏകദേശം പാതിയോളം ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ക്രൂഡ് ഓയിൽ ലഭ്യത കുറയുന്നത് ഇന്ത്യയിലെ റിഫൈനറികളെയും ബാധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ഒരു റിഫൈനറി യൂണിറ്റ് താൽക്കാലികമായി അടച്ചതായും വിവരമുണ്ട്.

എൽഎൻജിയും ഇന്ത്യ വലിയ തോതിൽ വിദേശത്തുനിന്ന് വാങ്ങുകയാണ്. ഇതിന്റെ ഭൂരിഭാഗവും ഗൾഫ് മേഖലയിൽ നിന്നാണ്, പ്രത്യേകിച്ച് ഖത്തറിൽ നിന്ന്. ഖത്തർ ഉൽപാദനം നിർത്തിവച്ചതോടെ എൽഎൻജി ലഭ്യത കുറയാമെന്ന മുന്നറിയിപ്പും ഇന്ത്യൻ കമ്പനിയായ പെട്രോനെറ്റ് എൽഎൻജി നൽകിയിട്ടുണ്ട്.പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നത് തടയാൻ പെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതി കുറയ്ക്കുകയും കൂടുതൽ ആഭ്യന്തര വിപണിയിലേക്ക് മാറ്റുകയും ചെയ്യാൻ കേന്ദ്രസർക്കാർ എണ്ണക്കമ്പനികളോട് ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.