ഹോർമുസ് പ്രതിസന്ധി: ഇന്ത്യയ്ക്ക് രണ്ട് മാസത്തേക്ക് ഇന്ധന ശേഖരം, കേന്ദ്രത്തിന്റെ ആശ്വാസവാർത്ത

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയും ഹോർമുസ് കടലിടുക്കിലൂടെ എണ്ണവരവ് തടസ്സപ്പെടുമെന്ന ആശങ്ക ഉയരുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യ ജാഗ്രതയോടെ നിലപാട് സ്വീകരിച്ചു. എന്നാൽ രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരം ഉണ്ടെന്നും പെട്രോൾ–ഡീസൽ വിതരണത്തിൽ അടിയന്തര പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ക്രൂഡ് ഓയിലും ശുദ്ധീകരിച്ച എണ്ണയും ഉൾപ്പെടെ ഏകദേശം 4,000 കോടി ലിറ്റർ ഇന്ധന ശേഖരം നിലവിൽ രാജ്യത്ത് ഉണ്ടെന്നാണ് റിപ്പോർട്ട്. ഇത് ഏകദേശം രണ്ടുമാസത്തേക്കുള്ള ആവശ്യങ്ങൾ നിറവേറ്റാൻ മതിയാകുന്നത്രയാണ്. കൂടാതെ രാജ്യത്തെ തന്ത്രപ്രധാന എണ്ണ ശേഖര കേന്ദ്രങ്ങളിലായി 25 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ സംഭരിച്ചിട്ടുമുണ്ട്. മംഗളൂരു, പദൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലെ ഭൂഗർഭ റിസർവുകളിലാണ് ഈ ശേഖരം സൂക്ഷിച്ചിരിക്കുന്നത്.ഇന്ത്യയുടെ എണ്ണ വാങ്ങൽ എപ്പോഴും ദേശീയ താൽപര്യങ്ങൾ പരിഗണിച്ചാണ് നടക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി. പത്ത് വർഷം മുമ്പ് 27 രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. ഇപ്പോൾ അത് 40 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് പ്രധാന വ്യാപാരപാതയായിരുന്നാലും ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 40 ശതമാനം മാത്രമാണ് ഇതിലൂടെ എത്തുന്നത്. ശേഷിക്കുന്ന 60 ശതമാനം റഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് മറ്റ് മാർഗങ്ങളിലൂടെ ലഭിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കയുടെ സമ്മർദ്ദം ഉണ്ടായിരുന്നിട്ടും ഫെബ്രുവരിയിൽ ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങിയത് റഷ്യയിൽ നിന്നാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യ ഒരിടത്തും അനുമതി തേടിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഇന്ത്യയുടെ പ്രതിദിന ക്രൂഡ് ഓയിൽ ഉപയോഗം 210 മുതൽ 230 ദശലക്ഷം മെട്രിക് ടൺ വരെയാണ്. എന്നാൽ രാജ്യത്തിന് 258 ദശലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാനുള്ള ശേഷിയുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. കൂടാതെ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന പദ്ധതി നടപ്പാക്കിയതിലൂടെ പ്രതിവർഷം ഏകദേശം 44 ദശലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാനും കഴിഞ്ഞു.