പശ്ചിമേഷ്യയിൽ ഉയർന്നുവരുന്ന സംഘർഷാവസ്ഥ മലയാള സിനിമാ മേഖലയിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. മലയാള സിനിമയുടെ ഓവർസീസ് വരുമാനത്തിൽ ഗൾഫ് മേഖലയ്ക്ക് വലിയ പങ്കുള്ളതിനാൽ പ്രഖ്യാപിച്ച റിലീസ് തീയതികളിൽ വലിയ ചിത്രങ്ങൾ എത്തുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം ഉയരുന്നു.
മലയാള സിനിമയുടെ ആദ്യകാലം മുതൽ തന്നെ പ്രധാന ഓവർസീസ് വിപണിയായിരുന്നത് ജിസിസി രാജ്യങ്ങളാണ്. യുഎസിലേക്കും യൂറോപിലേക്കും വിപണി വ്യാപിക്കുന്നതിന് മുൻപ് തന്നെ ഗൾഫ് രാജ്യങ്ങളിലാണ് മലയാള സിനിമകൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നത്. സമീപ വർഷങ്ങളിൽ ഈ മേഖലയിൽ തിയറ്ററുകളുടെ എണ്ണം ഗണ്യമായി വർധിച്ചതും മലയാളി പ്രവാസികളുടെ വലിയ സാന്നിധ്യവും സിനിമകൾക്ക് മികച്ച കളക്ഷൻ നേടാൻ സഹായിച്ചിട്ടുണ്ട്. അതിനാൽ തന്നെ മലയാള സിനിമകളുടെ ഓവർസീസ് കളക്ഷനിൽ വലിയൊരു പങ്ക് ഇപ്പോഴും ഗൾഫിൽ നിന്നാണ് ലഭിക്കുന്നത്.പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിക്കുന്ന ഒരു സിനിമയ്ക്ക് കേരളത്തിൽ ലഭിക്കുന്നതിനു സമാനമായ വരുമാനം വിദേശ വിപണിയിൽ നിന്നും ലഭിക്കുന്ന സാഹചര്യമാണിപ്പോൾ. അതിൽ ഏറ്റവും വലിയ വിപണി ജിസിസി രാജ്യങ്ങളാണ്; പിന്നീട് യുഎസും.
ഇതിനിടെ ഇസ്രയേലും യുഎസും ചേർന്ന് ഇറാനെതിരെ നടത്തിയ ആക്രമണവും തുടർന്ന് ഇറാൻ ഗൾഫ് മേഖലയിൽ നടത്തിയ പ്രത്യാക്രമണങ്ങളും പ്രദേശത്ത് കടുത്ത സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചില സിനിമകൾ ഇതിനകം റിലീസ് മാറ്റിയിട്ടുണ്ട്. കെജിഎഫ് താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രം ഇതിനകം തന്നെ റിലീസ് നീട്ടിയിരിക്കുകയാണ്. മാർച്ച് 19ന് പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രം ജൂൺ 4ലേക്കാണ് മാറ്റിയത്.
പെരുന്നാൾ റിലീസോടെ മലയാള സിനിമയുടെ വർഷത്തിലെ പ്രധാന റിലീസ് സീസൺ ആരംഭിക്കുന്നതാണ് പതിവ്. വേനലവധിയും വിഷുവും ഉൾപ്പെടുന്ന ഈ സമയത്ത് നിരവധി വലിയ സിനിമകൾ റിലീസ് ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്. മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ ജയസൂര്യ നായകനാകുന്ന ആട് 3, ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം പ്രതിഛായ എന്നിവയാണ് ഈ മാസം തിയറ്ററുകളിൽ എത്താൻ നിശ്ചയിച്ചിരിക്കുന്ന പ്രധാന ചിത്രങ്ങൾ.
ഗൾഫ് വിപണി ഒഴിവാക്കി ഒരു ചിത്രം റിലീസ് ചെയ്യുന്നത് കളക്ഷനിൽ വലിയ നഷ്ടമുണ്ടാക്കുമെന്നതിനാൽ നിർമ്മാതാക്കൾ അതിന് തയ്യാറാവാൻ സാധ്യത കുറവാണ്. അതിനാൽ ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷമേ നിർമ്മാതാക്കൾ അന്തിമ തീരുമാനമെടുക്കൂ.
മാർച്ചിലെ റിലീസുകൾ വൈകിയാൽ ഏപ്രിലിൽ പദ്ധതിയിട്ടിരിക്കുന്ന സിനിമകളെയും അത് ബാധിക്കാനിടയുണ്ട്. വിവിധ ഭാഷകളിലെ പ്രേക്ഷകർ കാത്തിരിക്കുന്ന ദൃശ്യം 3 ഉൾപ്പെടെ മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്ന പേട്രിയറ്റ് എന്നീ ചിത്രങ്ങൾ ഏപ്രിൽ റിലീസുകളായി ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇതുവരെ നിർമ്മാതാക്കളിൽ നിന്ന് പുറത്തുവന്നിട്ടില്ല.

