ഗാൽവാൻ അതിർത്തി സംഘർഷത്തിന് പിന്നാലെ കടുപ്പിച്ചിരുന്ന നിക്ഷേപ ചട്ടങ്ങളിൽ ഇളവ് നൽകി കേന്ദ്രസർക്കാർ. ചൈന ഉൾപ്പെടെ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (FDI) ചില സാഹചര്യങ്ങളിൽ ഇനി മുൻകൂർ അനുമതി വേണ്ടെന്നതാണ് പുതിയ തീരുമാനം.
കേന്ദ്ര മന്ത്രിസഭയുടെ പുതിയ തീരുമാനപ്രകാരം, 10 ശതമാനത്തിൽ താഴെയുള്ള ചെറുനിക്ഷേപങ്ങൾക്ക് ഇനി കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ല. എന്നാൽ നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങൾ സർക്കാർ അറിയിക്കണം. 10 ശതമാനത്തിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് കേന്ദ്രത്തിന്റെ അനുമതി തുടർന്നും നിർബന്ധമായിരിക്കും.ഇലക്ട്രോണിക് ഘടകങ്ങൾ, പോളിസിലിക്കൺ തുടങ്ങിയ ചില പ്രധാന മേഖലകളിലെ നിക്ഷേപങ്ങൾക്ക് 60 ദിവസത്തിനുള്ളിൽ അനുമതി നൽകുന്ന സംവിധാനം കൊണ്ടുവരാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഭാവിയിൽ കൂടുതൽ മേഖലകൾ ഈ പരിധിയിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. എന്നാൽ ഇത്തരം നിക്ഷേപങ്ങൾ ഉണ്ടായാലും കമ്പനിയുടെ നിയന്ത്രണം ഇന്ത്യക്കാരുടെ കൈകളിലായിരിക്കണം എന്ന വ്യവസ്ഥ തുടരും.
ഇപ്പോൾ നിലവിലുള്ള ‘പ്രസ് നോട്ട് 3’ ചട്ടം അനുസരിച്ച് ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള എല്ലാ നിക്ഷേപങ്ങൾക്കും കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. 2020ലെ ഗാൽവാൻ സംഘർഷത്തിന് പിന്നാലെയാണ് ചൈന ഉൾപ്പെടെ എല്ലാ അയൽരാജ്യങ്ങൾക്കും ഈ ചട്ടം ബാധകമാക്കിയത്. മുൻപ് ഇത് ബംഗ്ലാദേശ്, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്ക് മാത്രമായിരുന്നു ബാധകമായിരുന്നത്.ഈ നിയന്ത്രണങ്ങൾ മൂലം ഇന്ത്യയിലെ വിദേശ നിക്ഷേപത്തിൽ കുറവ് സംഭവിച്ചതായി വിലയിരുത്തപ്പെടുന്നു. പ്രത്യേകിച്ച് ചൈനീസ് വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടുകൾ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്നതിലും ഇടിവുണ്ടായി. വിദേശ നിക്ഷേപം കൂടുതൽ ആകർഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ഇളവ് നൽകിയത്.
കൂടാതെ, ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നതിനുപകരം ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താൻ അവസരം നൽകുന്നതാണ് നല്ലത് എന്ന നിർദ്ദേശവും 2024ലെ സാമ്പത്തിക സർവേയിൽ മുന്നോട്ടുവച്ചിരുന്നു.
