സാമ്പത്തിക–ആരോഗ്യ സമ്മർദങ്ങൾ മൂലമുള്ള അനിശ്ചിതത്വം: നഗരങ്ങളിൽ കൊച്ചി മികച്ച നിലയിലെന്ന് സർവേ

സാമ്പത്തിക സമ്മർദങ്ങൾ, ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകൾ, ജീവിതശൈലി വെല്ലുവിളികൾ, സാമൂഹിക അസ്വസ്ഥതകൾ എന്നിവ മൂലമുള്ള അനിശ്ചിതത്വം ഇന്ത്യയിൽ ഉയർന്ന നിലയിൽ തുടരുകയാണെന്ന് ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസ് നടത്തിയ ദേശീയ സർവേ വ്യക്തമാക്കുന്നു. എന്നാൽ വിവിധ മേഖലകളിൽ ജനങ്ങൾ അനുഭവിക്കുന്ന അനിശ്ചിതത്വത്തിന്റെ കാര്യത്തിൽ കൊച്ചി രാജ്യത്തെ മികച്ച നഗരങ്ങളിലൊന്നായി സർവേയിൽ ഇടം നേടി.

ഇതിനായി തയ്യാറാക്കിയ അനിശ്ചിതത്വ സൂചിക 2.0-ൽ കൊച്ചിക്ക് 65 എന്ന സ്കോർ ലഭിച്ചു. ദേശീയ ശരാശരി 79 ആയപ്പോൾ, ദക്ഷിണ ഇന്ത്യയുടെ ശരാശരി 71 ആണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക, ആരോഗ്യ, സാമൂഹിക തലങ്ങളിലെ സമ്മർദങ്ങളെ നേരിടുന്നതിൽ കൊച്ചിക്കാരുടെ ദീർഘകാല ആത്മവിശ്വാസം താരതമ്യേന കൂടുതലാണെന്ന് സർവേ വ്യക്തമാക്കുന്നു. അതേസമയം, വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ, ഉയർന്ന ജീവിതച്ചെലവ്, ചികിത്സാസംബന്ധമായ അടിയന്തര ആവശ്യങ്ങൾ എന്നിവയാണ് ജനങ്ങളെ കൂടുതൽ ആശങ്കപ്പെടുത്തുന്ന പ്രധാന ഘടകങ്ങൾ.

വൈറസ് ബാധകൾ, പെട്രോൾ–എഥനോൾ പോലുള്ള നയപരമായ മാറ്റങ്ങൾ, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ എന്നിവയും ആശങ്ക ഉയർത്തുന്ന വിഷയങ്ങളായി സർവേയിൽ പരാമർശിക്കുന്നു. ഇൻഷുറൻസ് പോളിസികൾ കൂടുതൽ ഉള്ളവരിൽ ആശങ്കയുടെ തോത് താരതമ്യേന കുറവാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.സാമ്പത്തിക സുരക്ഷ മുതൽ പരിസ്ഥിതി, സാമൂഹിക ആശങ്കകൾ വരെ ഉൾക്കൊള്ളുന്ന 11 വ്യത്യസ്ത മാനദണ്ഡങ്ങളിലായി 49 അഭിപ്രായങ്ങൾ സർവേയിൽ പരിഗണിച്ചു. വിവിധ മേഖലകളിലെ അനിശ്ചിതത്വങ്ങളെ കുറിച്ച് സ്ത്രീകളും പുരുഷന്മാരും സമാനമായ ആശങ്കകളും കാഴ്ചപ്പാടുകളും പങ്കുവച്ചതായും സർവേ പറയുന്നു.