സുരക്ഷയിൽ വീണ്ടും മികവ്: ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ നേടി ടാറ്റ പഞ്ച് ഫേസ്‌ലിഫ്റ്റ്

ടാറ്റ പഞ്ചിന്റെ ഫേസ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയ ഘട്ടത്തിൽ തന്നെ ഈ മോഡൽ ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിങ് നേടിയെന്ന വിവരം ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ,ഫേസ്‌ലിഫ്റ്റ് പഞ്ച് നേടിയ വിശദമായ ക്രാഷ് ടെസ്റ്റ് സ്കോറുകൾ ഭാരത് എൻസിഎപി ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. പഞ്ച് പ്യുവർ+ സിഎൻജി എഎംടി, അക്കംപ്ലിഷ്ഡ് സിഎൻജി എംടി വേരിയന്റുകളിലാണ് ക്രാഷ് പരീക്ഷണങ്ങൾ നടത്തിയത്.

സുരക്ഷാ സവിശേഷതകൾ

സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന വാഹനമായാണ് ടാറ്റ പഞ്ച് ഫേസ്‌ലിഫ്റ്റ് വിപണിയിലെത്തുന്നത്. എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റാബിലിറ്റി കൺട്രോൾ (ESC), 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, റിയർ വ്യൂ മിററിലെ ഓട്ടോ ഡിമ്മിങ് സംവിധാനം, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ എന്നിവയും വാഹനത്തിലെ യാത്രികർക്കു മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കുന്നു. ഫേസ്ലിഫ്റ്റ് പഞ്ചിന്റെ തുടക്കവില 5.59 ലക്ഷം രൂപ മുതൽ 10.54 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) ആണ്.

കുട്ടികളുടെ സുരക്ഷ

ക്രാഷ് ടെസ്റ്റിനായി ഒന്നര വയസും മൂന്ന് വയസും പ്രായമുള്ള കുട്ടികളുടെ ഡമ്മികളാണ് ഉപയോഗിച്ചത്. മുൻവശത്തെയും വശങ്ങളിലെയും ഇടികളിൽ യഥാക്രമം ലഭിക്കാവുന്ന 8, 4 പോയിന്റുകൾ പൂർണമായും ഇരുവർക്കും നേടാൻ സാധിച്ചു. ഡൈനാമിക് സ്കോറിലും (24/24) CRS ഇൻസ്റ്റലേഷൻ സ്കോറിലും (12/12) പഞ്ച് മുഴുവൻ പോയിന്റും സ്വന്തമാക്കി. എന്നാൽ, ചൈൽഡ് റിസ്ട്രെയിന്റ് സിസ്റ്റം (CRS) ഇല്ലാത്തത് വെഹിക്കിൾ അസസ്മെന്റ് സ്കോറിൽ നാല് പോയിന്റ് നഷ്ടമാകാൻ കാരണമായി. എന്നിരുന്നാലും, കുട്ടികളുടെ സുരക്ഷാ വിഭാഗത്തിൽ ലഭിക്കാവുന്ന 49 പോയിന്റിൽ 45 പോയിന്റുകൾ നേടാൻ പഞ്ച് ഫേസ്‌ലിഫ്റ്റ്ന് സാധിച്ചു.

മുതിർന്നവരുടെ സുരക്ഷ

മുതിർന്നവരുടെ സുരക്ഷാ പരിശോധനയിൽ ലഭിക്കാവുന്ന 32 പോയിന്റിൽ 30.58 പോയിന്റുകളാണ് ടാറ്റ പഞ്ച് ഫേസ്ലിഫ്റ്റ് നേടിയത്. മുൻവശത്തുള്ള കൂട്ടിയിടിയിൽ ഡ്രൈവറുടെ തല, കഴുത്ത്, ഇടുപ്പ്, തുട തുടങ്ങിയ ഭാഗങ്ങൾക്ക് മികച്ച സംരക്ഷണം വാഹനമൊരുക്കുന്നു. നെഞ്ചിനും കാലുകൾക്കും തൃപ്തികരമായ സുരക്ഷ ലഭിക്കുന്നതായും പരിശോധനയിൽ വ്യക്തമായി. മുൻസീറ്റിലെ യാത്രികന് കാൽഭാഗം ഒഴികെ മറ്റു പ്രധാന ഭാഗങ്ങളിൽ മികച്ച സംരക്ഷണം ലഭിക്കുന്നുണ്ട്.

സൈഡ് മൂവബിൾ ബാരിയർ ടെസ്റ്റിൽ യാത്രികരുടെ നെഞ്ച് ഭാഗത്തിന് തൃപ്തികരമായ സുരക്ഷയാണുള്ളത്. തല, ഇടുപ്പ് തുടങ്ങിയ ഭാഗങ്ങളിൽ മികച്ച സംരക്ഷണവും ഉറപ്പാക്കുന്നു. സൈഡ് പോൾ ഇംപാക്ട് ടെസ്റ്റിൽ എല്ലാ ഭാഗങ്ങളിലും ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ നൽകുന്ന വാഹനമായാണ് ടാറ്റ പഞ്ച് ഫേസ്‌ലിഫ്റ്റ് വിലയിരുത്തപ്പെട്ടിരിക്കുന്നത്.