ഡിജിറ്റൽ തട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെട്ട ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള പുതിയ കരടുചട്ടം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പൊതുജനാഭിപ്രായത്തിനായി പുറത്തിറക്കി. 50,000 രൂപ വരെ ഉൾപ്പെട്ട ഡിജിറ്റൽ തട്ടിപ്പുകൾക്ക് 25,000 രൂപ വരെ ഒറ്റത്തവണ നഷ്ടപരിഹാരം നൽകുന്നതാണ് നിർദേശം. ഈ പദ്ധതി ജൂലൈ 1 മുതൽ നടപ്പാക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്.
ഒരു വ്യക്തിക്ക് ഒരു തവണ മാത്രമേ ഈ നഷ്ടപരിഹാരം ലഭ്യമാകൂ. ഉപയോക്താവിന്റെ അശ്രദ്ധ മൂലമാണ് തട്ടിപ്പ് നടന്നതെങ്കിലും നഷ്ടപരിഹാരത്തിന് അർഹത ഉണ്ടാകും. എന്നാൽ തട്ടിപ്പ് നടന്നതിന് 5 ദിവസത്തിനകം ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലും ബന്ധപ്പെട്ട ബാങ്കിലും പരാതി നൽകണം. ഉപയോക്താവിന് നഷ്ടം സംഭവിച്ചതായി ബാങ്കും സ്ഥിരീകരിക്കണം.
നഷ്ടപരിഹാരം എത്ര ലഭിക്കും?
നഷ്ടമായ തുകയുടെ 85% അല്ലെങ്കിൽ പരമാവധി 25,000 രൂപ – ഇതിൽ കുറവായ തുകയാകും നഷ്ടപരിഹാരമായി ലഭിക്കുക.
തട്ടിപ്പിൽ നഷ്ടമായ തുക 29,412 രൂപ വരെ ആണെങ്കിൽ അതിന്റെ 85% നഷ്ടപരിഹാരമായി ലഭിക്കും.
നഷ്ടം 29,412 മുതൽ 50,000 രൂപ വരെയാണെങ്കിൽ 25,000 രൂപ എന്ന പരമാവധി തുക ലഭിക്കും.
നഷ്ടപരിഹാരം ആവശ്യപ്പെടാൻ ബാങ്ക് നൽകുന്ന പ്രത്യേക ഫോം പൂരിപ്പിച്ച് സമർപ്പിക്കണം. അപേക്ഷ ലഭിച്ചതിന് ശേഷം 5 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നാണ് നിർദേശം.
ബാങ്കിന്റെ വീഴ്ചയാണെങ്കിൽ
തട്ടിപ്പ് ബാങ്കിന്റെ വീഴ്ച മൂലമാണെന്ന് തെളിഞ്ഞാൽ, ഉപയോക്താവ് റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലും പൂർണമായ തുകയും തിരിച്ചുകിട്ടും.
ഉപഭോക്തൃ സുരക്ഷയ്ക്ക് പുതിയ നിർദേശം
500 രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകൾക്കും ബാങ്കുകൾ ഉപയോക്താക്കളെ എസ്എംഎസ് വഴി അറിയിക്കണം എന്ന നിർദേശവും കരടുചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നഷ്ടപരിഹാരം നൽകുന്നത് ആരൊക്കെ?
നഷ്ടമായ തുക 29,412 രൂപയിൽ താഴെയാണെങ്കിൽ
65% – റിസർവ് ബാങ്ക്
10% – ഉപയോക്താവിന്റെ ബാങ്ക്
10% – പണം എത്തിയ ബാങ്ക്
ഇങ്ങനെ നഷ്ടപരിഹാരം പങ്കുവഹിക്കും.
പിന്നീട് പണം തിരികെ കിട്ടിയാൽ
ഉപയോക്താവിന് നഷ്ടപരിഹാരം നൽകിയതിന് ശേഷം തട്ടിപ്പിൽപ്പെട്ട പണം പൂർണമായോ ഭാഗികമായോ തിരികെ കിട്ടിയാൽ നഷ്ടം വീണ്ടും കണക്കാക്കും. ഉദാഹരണത്തിന്, ഒരാൾക്ക് 40,000 രൂപ നഷ്ടമായി, ആദ്യം 25,000 രൂപ നഷ്ടപരിഹാരം ലഭിച്ചു എന്ന് കരുതുക. പിന്നീട് മുഴുവൻ തുകയും തിരിച്ചുപിടിച്ചാൽ, ബാക്കി 15,000 രൂപ കൂടി ഉപയോക്താവിന് നൽകും. തുടർന്ന് ശേഷിക്കുന്ന തുക ആർബിഐക്കും ബന്ധപ്പെട്ട ബാങ്കുകൾക്കും തിരികെ നൽകും.

