കേന്ദ്ര ജീവനക്കാർക്ക് യുപിഎസും എൻപിഎസും കൂടുതൽ ആകർഷകമാക്കുന്നു; ഓഹരി നിക്ഷേപ പരിധി 75% വരെ

കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള യൂണിഫൈഡ് പെൻഷൻ സ്കീമിനെയും (UPS), നാഷണൽ പെൻഷൻ സിസ്റ്റത്തെയും (NPS) കൂടുതൽ ലാഭകരമാക്കാൻ കേന്ദ്രം നീക്കം. ഇതുവരെ സർക്കാരേതര എൻപിഎസ് വരിക്കാർക്കു മാത്രമായി ലഭ്യമായിരുന്ന ലൈഫ് സൈക്കിൾ 75 (LC75), ബാലൻസ്ഡ് ലൈഫ് സൈക്കിൾ (BLC) നിക്ഷേപരീതികൾ ഇനി കേന്ദ്ര ജീവനക്കാരും തിരഞ്ഞെടുക്കാൻ സാധിക്കും.

LC75 പ്രകാരം പെൻഷൻ സഞ്ചിതനിധിയുടെ 75% വരെ ഓഹരിയിൽ നിക്ഷേപിക്കാം. നിലവിൽ കേന്ദ്ര ജീവനക്കാർക്ക് LC25, LC50 എന്നീ മോഡലുകൾ വഴിയായിരുന്നു പരമാവധി 25%–50% ഓഹരി നിക്ഷേപ പരിധി.
LC50ന്റെ പരിഷ്കരിച്ച പതിപ്പായ BLC പ്രകാരം 45 വയസ്സിന് ശേഷം ഓഹരി നിക്ഷേപം ഘട്ടംഘട്ടമായി കുറയ്ക്കുന്ന സംവിധാനമാണ് ഉണ്ടായിരിക്കുക. സർക്കാർ കടപ്പത്രങ്ങളിൽ മുഴുവൻ തുകയും നിക്ഷേപിക്കാനുള്ള ‘സ്കീം G’ തുടരും.