പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (BSNL) നഷ്ടം കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) വൻതോതിൽ കുറഞ്ഞു. 2022-23ലെ 8,161.56 കോടി രൂപയിൽ നിന്ന് 5,370.73 കോടി രൂപയായാണ് കുറഞ്ഞതെന്ന് കമ്പനിയുടെ രേഖകൾ വ്യക്തമാക്കി.
കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിലെ നഷ്ടം മുൻവർഷത്തെ സമാനപാദത്തിലെ 2,696.13 കോടി രൂപയിൽ നിന്ന് 848.89 കോടി രൂപയായും കുറഞ്ഞു.
നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് ശേഷമുള്ള ലാഭം (എബിറ്റ്ഡ/EBITDA) കഴിഞ്ഞവർഷം 2,164 കോടി രൂപയാണെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ സമർപ്പിച്ച കണക്കുകളും വ്യക്തമാക്കി. മുൻവർഷത്തേക്കാൾ 38.8 ശതമാനം അധികമാണിത്.2020-21 മുതൽ കേന്ദ്രം അനുവദിച്ച രക്ഷാപ്പാക്കേജിന്റെ കരുത്തിൽ ബിഎസ്എൻഎല്ലും എംടിഎൻഎല്ലും പ്രവർത്തന ലാഭം നേടിത്തുടങ്ങിയതായി ലോക്സഭയിൽ കേന്ദ്ര ടെലികോം സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ പറഞ്ഞു.
