തമിഴ്നാട്ടിലും ‘ബിഹാർ മോഡൽ’; തെരഞ്ഞെടുപ്പിന് മുൻപ് സ്ത്രീകൾക്ക് 5,000 രൂപ വീതം നൽകി സ്റ്റാലിൻ സർക്കാർ

തമിഴ്നാട്ടിൽ ‘ബിഹാർ മോഡൽ’ മാതൃകയിൽ പുതിയ സാമ്പത്തിക നീക്കവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സർക്കാർ രംഗത്ത്. സംസ്ഥാനത്തെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,000 രൂപ വീതം നേരിട്ട് കൈമാറിയതായി സർക്കാർ അറിയിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ തന്ത്രപരമായ തീരുമാനം.

പ്രതിമാസം 1,000 രൂപ വീതം നൽകുന്ന പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി മാസത്തേക്കുള്ള തുകയോടൊപ്പം മാർച്ച്, ഏപ്രിൽ മാസങ്ങളിലേയും തുക മുൻകൂർ അനുവദിച്ചു. ഇതിന് പുറമെ വേനൽക്കാല പ്രത്യേക സഹായമായി 2,000 രൂപ കൂടി നൽകി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേയാണ് നിർണായക പ്രഖ്യാപനം നടപ്പിലാക്കിയത്.

സംസ്ഥാനത്ത് ഏകദേശം 1.31 കോടി സ്ത്രീകൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ബിഹാർ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം നേരിട്ടുള്ള ബാങ്ക് ട്രാൻസ്ഫർ (ഡിബിടി) ആനുകൂല്യങ്ങൾ നിർണായകമായിരുന്നുവെന്നും അത് രാഷ്ട്രീയ പാർട്ടികൾക്ക് പാഠമായിരുന്നുവെന്നും സ്റ്റാലിൻ പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ചിലർ ആനുകൂല്യങ്ങൾ തടയാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആരെല്ലാം എതിർത്താലും സർക്കാർ വാഗ്ദാനം പാലിക്കുമെന്നും, ‘സ്റ്റാലിൻ 2.0’ അധികാരത്തിലെത്തിയാൽ പ്രതിമാസം 2,000 രൂപ വീതം സ്ത്രീകൾക്ക് നൽകുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. ഇന്ന് രാവിലെ തന്നെ എല്ലാ ഗുണഭോക്താക്കളുടെയും അക്കൗണ്ടുകളിൽ തുക ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, എഐഎഡിഎംകെ സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം മറികടക്കാനാണ് സ്റ്റാലിന്റെ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷണം. എഐഎഡിഎംകെ നേതാവ് ഇ.പി.എസ് പ്രതിമാസം 2,000 രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു