എല്ലാ ഇൻഷുറൻസ് കമ്പനികളുടെയും പോളിസികൾ ഒരുമിച്ച് ലഭ്യമാക്കുന്ന ‘ബീമ സുഗം’ പോർട്ടൽ ഔദ്യോഗികമായി ആരംഭിച്ചു. ഉപയോക്താക്കൾക്ക് ഇത് ഫീസില്ലാതെ ഉപയോഗിക്കാം. പോളിസികൾ ഘട്ടംഘട്ടമായി മാത്രമേ പോർട്ടലിൽ ഉൾപ്പെടുത്തുകയുള്ളൂ. നിലവിൽ അടിസ്ഥാന വിവരങ്ങൾ മാത്രമാണ് സൈറ്റിൽ ലഭ്യമാകുന്നത് (bimasugam.co.in).
ഇന്ത്യൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (IRDAI) മേൽനോട്ടത്തിലാണ് ഈ പ്ലാറ്റ്ഫോം രൂപീകരിച്ചിരിക്കുന്നത്. വിവിധ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന പോളിസികളിൽ നിന്ന് ഏറ്റവും അനുയോജ്യമായത് എളുപ്പത്തിൽ കണ്ടെത്താൻ ഉപഭോക്താക്കൾക്ക് ഇനി സാധിക്കും. ഇതുവരെ പല വെബ്സൈറ്റുകളിൽ പോകുകയോ ഏജന്റുമാരുടെ സഹായം തേടുകയോ ചെയ്തിരുന്ന പ്രക്രിയ, ഇനി ഒരൊറ്റ പ്ലാറ്റ്ഫോമിൽ നിന്ന് നടത്താനാകും.
പല പോളിസികൾ എടുത്തവർക്കും അവയെ ഒരുമിച്ച് കൈകാര്യം ചെയ്യാൻ ഈ പോർട്ടൽ സഹായിക്കും. പണമിടപാട് രംഗത്ത് യുപിഐ കൊണ്ടുവന്ന വിപ്ലവം പോലെ തന്നെ ഇൻഷുറൻസ് മേഖലയിൽ മാറ്റം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ലൈഫ്, ജനറൽ, ഹെൽത്ത് ഇൻഷുറൻസ്, കൂടാതെ ആനുവിറ്റി, പെൻഷൻ, യൂലിപ് പ്ലാൻ എന്നിവയും ഉടൻ ലഭ്യമാകും.
ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്റും ഇനി ‘ബീമ സുഗം’ വഴിയുള്ള പേപ്പർലെസ് പ്രക്രിയയിലൂടെയായിരിക്കും. 2023-ലാണ് പദ്ധതി തുടങ്ങാൻ തീരുമാനിച്ചിരുന്നതെങ്കിലും വൈകുകയായിരുന്നു. ഇതിനായി “നോട്ട് ഫോർ പ്രോഫിറ്റ്” അടിസ്ഥാനത്തിൽ പ്രത്യേക കമ്പനി ആരംഭിച്ചിട്ടുണ്ട്. ലൈഫ്, ജനറൽ ഇൻഷുറൻസ് കമ്പനികൾക്ക് ഇവിടെ ഓഹരിയുണ്ടാകും, എന്നാൽ ഏതെങ്കിലും ഒരൊറ്റ സ്ഥാപനത്തിനും നിയന്ത്രണാവകാശം ലഭിക്കില്ല.
ഡയറക്ടർ ബോർഡിൽ IRDAIയുടെ രണ്ട് നോമിനികൾ ഉണ്ടാകും. പൊതുജനങ്ങൾക്ക് സേവനം നൽകുന്നതിനായി ഒട്ടും ചാർജ്ജ് ഈടാക്കില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

