ഉപഭോക്താക്കളുടെ വ്യക്തിഗത ആവശ്യങ്ങൾ പരിഗണിച്ച് സമഗ്ര സാമ്പത്തിക സേവനങ്ങൾ നൽകുന്നതിനായി എഐ അടിസ്ഥാനത്തിലുള്ള ‘ജിയോഫിനാൻസ്’ ആപ്പ് അവതരിപ്പിച്ച് ജിയോ ഫിനാൻഷ്യൽ സർവീസസ്. ഉപയോക്താക്കൾക്ക് വായ്പ, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ടുകൾ, യുപിഐ പേയ്മെന്റ് തുടങ്ങിയ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത.
സാധാരണ ഫിനാൻസ് ആപ്പുകളിൽ കാണുന്ന മെനു അടിസ്ഥാനത്തിലുള്ള നാവിഗേഷനിൽ നിന്ന് വ്യത്യസ്തമായി, ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ച് സേവനങ്ങൾ നിർദേശിക്കുന്ന സംവിധാനമാണ് ജിയോഫിനാൻസ് ആപ്പിൽ ഒരുക്കിയിരിക്കുന്നത്. സാമ്പത്തിക തീരുമാനങ്ങൾ എളുപ്പത്തിലും സുരക്ഷിതമായും എടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന തരത്തിലാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.
സേവനങ്ങൾ ഒരിടത്ത്
ഭവന വായ്പ, വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാർഡ്, ഇൻഷുറൻസ്, യുപിഐ പേയ്മെന്റുകൾ, മ്യൂച്വൽ ഫണ്ടുകൾ, സ്ഥിരനിക്ഷേപങ്ങൾ, ഡിജിറ്റൽ ഗോൾഡ് തുടങ്ങിയ നിരവധി സേവനങ്ങൾ ഈ ആപ്പിലൂടെ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കും. കൂടാതെ ഉപഭോക്താക്കൾക്ക് റിവാർഡ് പോയിന്റുകൾ സമ്പാദിക്കാനാകുന്ന ‘ജിയോപോയിന്റ്സ്’ സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പോയിന്റുകൾ ഷോപ്പിങ്, ഡൈനിങ്, ട്രാവൽ തുടങ്ങിയ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം.
‘ബിൽഡ് വിത്ത് ഭാരത്’ പദ്ധതി
ആപ്പിനൊപ്പം ‘ബിൽഡ് വിത്ത് ഭാരത്’ എന്ന പ്രത്യേക പദ്ധതിയും ജിയോ ഫിനാൻഷ്യൽ സർവീസസ് ആരംഭിച്ചിട്ടുണ്ട്. bharat.jiofinance.in വെബ്സൈറ്റ് വഴിയോ ആപ്പ് ഡൗൺലോഡ് ചെയ്തോ ഈ പദ്ധതിയിൽ പങ്കെടുക്കാം. ഉപയോക്താക്കൾ യുപിഐ പേയ്മെന്റുകൾ, ബിൽ പേയ്മെന്റുകൾ എന്നിവ ഉപയോഗിച്ച് ആപ്പിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കാം. ആപ്പിന്റെ തുടർ വികസനത്തിനായി ഈ നിർദേശങ്ങൾ കമ്പനി പരിഗണിക്കും.
മാർച്ച് 30 വരെയാണ് പദ്ധതിയിൽ പങ്കെടുക്കാനുള്ള അവസരം. കൂടാതെ ഉപഭോക്താക്കളുടെ സാമ്പത്തിക നില വിലയിരുത്താൻ സഹായിക്കുന്ന ‘ഫിനാൻഷ്യൽ ഫിറ്റ്നസ് സ്കോർ’ എന്ന പുതിയ ഫീച്ചറും ഉടൻ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

