നിർമിത ബുദ്ധി (AI) സാങ്കേതികവിദ്യ വികസിക്കുന്നതോടൊപ്പം ഡീപ്ഫേക്ക് വിഡിയോകളുടെ ദുരുപയോഗവും ഉയരുന്ന പശ്ചാത്തലത്തിൽ, ക്രിയേറ്റർമാരുടെ സുരക്ഷിതത്വം വർധിപ്പിക്കാൻ യൂട്യൂബ് വലിയ ചുവടുവെപ്പ് നടത്തി. ക്രിയേറ്റർമാരുടെ രൂപവും ശബ്ദവും കൃത്രിമമായി പകർത്തുന്ന വിഡിയോകൾ തടയാനായി ‘Likeness Detection Tool’ എന്ന പുതിയ സംവിധാനമാണ് യൂട്യൂബ് അവതരിപ്പിച്ചത്.ആദ്യഘട്ടത്തിൽ യൂട്യൂബ് പാർട്ണർ പ്രോഗ്രാമിലെ (YPP) അംഗങ്ങൾക്കാണ് ഈ സൗകര്യം ലഭ്യമാകുക. തുടർന്ന് എല്ലാ ക്രിയേറ്റർമാർക്കും ഘട്ടംഘട്ടമായി ഇത് വിപുലീകരിക്കും.
എങ്ങനെ പ്രവർത്തിക്കുന്നു?
യൂട്യൂബിന്റെ ക്രിയേറ്റർ ഇൻസൈഡർ ചാനലിൽ നൽകിയ വിശദീകരണം പ്രകാരം:
• യോഗ്യരായ ക്രിയേറ്റർമാർ ഐഡി കാർഡും വീഡിയോ സെൽഫിയും സമർപ്പിച്ച് ഒരു ലളിതമായ ഓൺബോർഡിംഗ് പ്രക്രിയ പൂർത്തിയാക്കണം.
• ഇതിന് ശേഷം, തങ്ങളുടെ രൂപസാദൃശ്യം അനധികൃതമായി ഉപയോഗിച്ചിട്ടുള്ള വീഡിയോകൾ എല്ലാം ഡാഷ്ബോർഡ് വഴി ക്രിയേറ്റർമാർക്ക് അറിയാം.
• ഈ ടൂൾ, Content ID വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
Content ID പോലെതന്നെ, എന്നാൽ കൂടുതൽ വ്യക്തിപരമായി കോപ്പിറൈറ്റ് ലംഘനങ്ങൾ കണ്ടെത്തുന്ന Content ID സംവിധാനത്തിന്റെ മാതൃകയിലാണ് ഈ പുതിയ ടൂളും. എന്നാൽ, ഉള്ളടക്കം കണ്ടെത്തുന്നതിനുപകരം മനുഷ്യ മുഖവും ശബ്ദസാദൃശ്യവും കണ്ടെത്തുന്നതാണ് ഇതിന്റെ ലക്ഷ്യം.
എഐ ഉപയോഗിച്ച് വ്യാജ തിരിച്ചറിവുകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്ന ഈ കാലത്ത്,
ക്രിയേറ്റർമാരുടെ ഡിജിറ്റൽ വ്യക്തിത്വം സംരക്ഷിക്കാൻ ഈ നീക്കം വൻ സഹായമാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഡീപ്ഫേക്ക് പ്രശ്നങ്ങൾക്കും സ്വകാര്യതാ ലംഘനങ്ങൾക്കും എതിരെ യൂട്യൂബ് സ്വീകരിക്കുന്ന ഏറ്റവും പ്രധാന ഇടപെടലുകളിൽ ഒന്നാണ് ഇത്.

