അശ്വ: സ്കൂൾ വിദ്യാഭ്യാസത്തിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം

ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് സമഗ്രവും നവീനവുമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ‘അശ്വ’ (Advanced Schools Vision Alliance) ദേശീയതലത്തിൽ ലോഞ്ച് ചെയ്തു. ഊട്ടിയിലെ ദി ലോറൻസ് സ്കൂൾ, ലൗഡേലിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറി സഞ്ജയ് കുമാർ പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.ഐഎസ്ആർഒയുടെ മുൻ ചെയർമാൻ ഡോ. ജി. മാധവൻ നായർ പദ്ധതിയുടെ മുഖ്യ രക്ഷാധികാരിയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ശിൽപി ഡോ. കെ. കസ്തൂരിരംഗൻ മുഖ്യ ഉപദേശകനായും പ്രവർത്തിക്കുന്നു. മലയാളികൾ ഉൾപ്പെടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 500-ലധികം അക്കാദമിക് വിദഗ്ധർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങുന്ന സമിതിയാണ് അശ്വയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

പദ്ധതിയുടെ ഭാഗമായി, ഐഐഎസ്സി ഡീനും ഡൈവേച്ച സെന്റർ ഫോർ ക്ലൈമറ്റ് ചേഞ്ച് ചെയർമാനുമായ ഡോ. എസ്. കെ. സതീഷ് ലോറൻസ് സ്കൂൾ ക്യാംപസിൽ അത്യാധുനിക കാലാവസ്ഥാ ലബോറട്ടറി ഉദ്ഘാടനം ചെയ്തു. പുസ്തകാധിഷ്ഠിത പഠനത്തിന് അപ്പുറം ഗവേഷണവും അന്വേഷണവുമിലൂടെ വിദ്യാർത്ഥികൾക്ക് പ്രായോഗിക അറിവ് നൽകുക എന്നതാണ് അശ്വയുടെ പ്രധാന ലക്ഷ്യം.

രാജ്യവ്യാപകമായി ‘ഹബ്ബ്–നോഡ്’ മാതൃകയിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുത്ത സ്കൂളുകൾ ഹബ്ബ് സ്കൂളുകളായി പ്രവർത്തിക്കുകയും, സമീപ പ്രദേശങ്ങളിലെ മറ്റ് സ്കൂളുകൾക്ക് (നോഡ് സ്കൂളുകൾ) സാങ്കേതിക സഹായം, അധ്യാപക പരിശീലനം, ഗവേഷണ സൗകര്യങ്ങൾ എന്നിവ പങ്കുവയ്ക്കുകയും ചെയ്യും. ഇതിലൂടെ നഗര–ഗ്രാമ വ്യത്യാസമില്ലാതെ ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളിലേക്കും എത്തിക്കാനാകും.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ദിശ പിന്തുടർന്ന് ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും വിദ്യാലയങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള വേദി ഒരുക്കുന്നതിനിലൂടെ ‘വികസിത ഭാരതം’ എന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ് അശ്വ ലക്ഷ്യമിടുന്നത്. അറിവ് പകർന്നുനൽകുന്നവരെന്ന നിലയിൽ നിന്നുമൊഴിഞ്ഞ്, അറിവിനെ സൃഷ്ടിപരമായും പ്രായോഗികമായും ഉപയോഗിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന ഫെസിലിറ്റേറ്റർമാരായി അധ്യാപകരെ മാറ്റിയെടുക്കുന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.