രാജ്യത്തെ ചെറുകിട വ്യവസായ മേഖലയെ സ്വയംപര്യാപ്തമാക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള പ്രധാനമന്ത്രി മുദ്ര യോജന (PMMY) പത്ത് വർഷം പൂർത്തിയാക്കി മുന്നേറുകയാണ് . കാർഷികേതര ചെറുകിട സംരംഭങ്ങൾക്കും വ്യക്തിഗത ബിസിനസുകൾക്കും ധനസഹായം ലഭ്യമാക്കി ‘മുദ്ര ലോൺ’ എന്ന പേരിൽ അറിയപ്പെടുന്ന ഈ പദ്ധതി, ജാമ്യമില്ലാത്ത വായ്പയെന്ന പ്രത്യേകത കൊണ്ടാണ് വ്യാപകസ്വീകാര്യത നേടിയത്.
സ്വയംതൊഴിലിനും സംരംഭകത്വത്തിനും കരുത്തേകി
2015-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച മുദ്ര യോജനയുടെ മുഖ്യലക്ഷ്യം സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കലാണ്. ചെറുകിട സംരംഭകർക്ക് ബാങ്കുകളിലൂടെയും ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളിലൂടെയും വായ്പ ലഭ്യമാക്കുന്നു.പദ്ധതിയിലൂടെ 32.6 ലക്ഷം കോടി രൂപയിൽ അധികം വിതരണം ചെയ്തുകഴിഞ്ഞു. വായ്പയ്ക്കായി അപേക്ഷിക്കേണ്ടവർക്ക് www.udyamimitra.in വെബ്സൈറ്റ് വഴിയോ സമീപബാങ്ക് മുഖേനയോ അപേക്ഷിക്കാം.
മൂന്ന് ഘട്ടങ്ങളിലായി വായ്പ
മുദ്ര യോജനയിലെ വായ്പകൾ മൂന്ന് വിഭാഗങ്ങളിലാണ് ലഭിക്കുന്നത്:
ശിശു: ₹50,000 വരെ വായ്പ
കിഷോർ: ₹50,000 മുതൽ ₹2 ലക്ഷം വരെ
തരുൺ: ₹5 ലക്ഷം മുതൽ ₹10 ലക്ഷം വരെ (തരുൺ പ്ലസ് – ₹20 ലക്ഷം വരെ)
ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ, കടയുടമകൾ, ചെറുകിട ഉത്പാദകർ, സേവനദാതാക്കൾ എന്നിവർക്ക് യന്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനായി ഈ വായ്പ പ്രയോജനപ്പെടുത്താം.
ആർക്ക് അർഹത?
ഉൽപാദനം, വിപണനം, സേവനം തുടങ്ങിയ വരുമാനം ഉണ്ടാക്കുന്ന ഏത് മേഖലയിൽ സംരംഭം തുടങ്ങാനായാലും മുദ്ര വായ്പ ലഭ്യമാണ്. വ്യക്തികൾ, ഏകോപനസ്ഥാപനങ്ങൾ, എൽ.എൽ.പി., പ്രൈവറ്റ് അല്ലെങ്കിൽ പബ്ലിക് കമ്പനികൾ എന്നിവയുൾപ്പെടെയുള്ള നിയമപ്രാബല്യമുള്ള ഘടനകൾക്ക് വായ്പയ്ക്ക് അപേക്ഷിക്കാം.അപേക്ഷകൻ ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ കുടിശ്ശികയില്ലാത്തവനും, സിബിൽ സ്കോറിൽ നല്ല സാമ്പത്തിക ചരിത്രമുള്ളവനും ആയിരിക്കണം. വായ്പകൾ കാലാവധി വായ്പ, ഓവർഡ്രാഫ്റ്റ്, അല്ലെങ്കിൽ കോമ്പോസിറ്റ് വായ്പ എന്നീ രീതികളിൽ ലഭിക്കും.
പലിശയും ഈടും
വായ്പയുടെ പലിശനിരക്കും മാർജിനും അതാത് ബാങ്കുകൾ നിശ്ചയിക്കും. ശിശു വിഭാഗത്തിലെ വായ്പകൾക്ക് മാർജിൻ ആവശ്യമില്ല.റിസർവ് ബാങ്ക് മാർഗനിർദേശപ്രകാരം ₹10 ലക്ഷം രൂപ വരെ വായ്പയ്ക്ക് അധിക ജാമ്യം സ്വീകരിക്കാനാകില്ല. വായ്പയിലൂടെ വാങ്ങുന്ന വസ്തുക്കൾക്ക് മാത്രമേ ഈട് ആവശ്യമായുള്ളു.
ആവശ്യമായ രേഖകൾ
തിരിച്ചറിയൽ രേഖ (ആധാർ, പാൻ, വോട്ടർ ഐഡി, പാസ്പോർട്ട് മുതലായവ)
മേൽവിലാസ തെളിവ് (ബിൽ, ബാങ്ക് സ്റ്റേറ്റ്മെന്റ്, വോട്ടർ ഐഡി മുതലായവ)
ബിസിനസ് സംബന്ധമായ രേഖകൾ (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ്, ഉദ്യോഗ് ആധാർ തുടങ്ങിയവ)
കഴിഞ്ഞ വർഷങ്ങളിലെ ബാലൻസ് ഷീറ്റ്, നികുതി രേഖകൾ (കിഷോർ/തരുൺ വിഭാഗങ്ങൾക്കായി)
യന്ത്രങ്ങളുടേയും സാമഗ്രികളുടേയും കൊട്ടേഷൻ, ബിസിനസ് അനുമതി പത്രങ്ങൾ തുടങ്ങിയവ
അന്താരാഷ്ട്ര അംഗീകാരവും നേട്ടങ്ങളും
ജനങ്ങളുടെ കൈകളിൽ നേരിട്ട് ധനസഹായം എത്തിക്കുന്ന പദ്ധതിയായി മുദ്ര യോജന അന്താരാഷ്ട്ര അംഗീകാരം നേടി. ഐ.എം.എഫ്. (IMF) ഉൾപ്പെടെ നിരവധി ആഗോള സംഘടനകൾ പദ്ധതിയുടെ ഫലപ്രാപ്തിയെ പ്രശംസിച്ചിട്ടുണ്ട്.
മുദ്ര വായ്പ ഏറ്റവും കൂടുതൽ വിതരണം ചെയ്ത സംസ്ഥാനം തമിഴ്നാട് ആണ്. പിന്നാലെ ഉത്തർപ്രദേശ്, കർണാടക, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾ ആണ്.
സ്വപ്നങ്ങൾക്കു ചിറകേകിയ പത്ത് വർഷം
മുദ്ര യോജനയുടെ പത്ത് വർഷം, ഗ്രാമാന്തരങ്ങളിലും നഗരങ്ങളിലുമുള്ള ലക്ഷക്കണക്കിന് സംരംഭകരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവന്ന കാലഘട്ടമാണ്. സമാനതകളില്ലാത്ത ധനസഹായ മാതൃകയായി മുദ്ര പദ്ധതി, സ്വയംതൊഴിലും വനിതാ സംരംഭകത്വവും സുസ്ഥിര വളർച്ചയുമായി ബന്ധിപ്പിക്കുന്ന ഒരു ദേശീയ പദ്ധതിയായി മാറിയിരിക്കുന്നു.

