‘ജയിലര്‍’ റെക്കോഡ് എത്താനിരിക്കെ കളക്ഷന്‍ കുറഞ്ഞു വിജയിയുടെ ലിയോ

വിജയുടെ ഏറ്റവും പുതിയ ചിത്രമായ ലിയോ ലോകമെമ്പാടും 500 കോടി ക്ലബിലേക്ക് എത്താനിരിക്കെ ചിത്രം രണ്ടാം വെള്ളിയാഴ്ച കളക്ട് ചെയ്തത് എന്നാല്‍ അത്രത്തോളം ശുഭകരമായ ഒരു സംഖ്യ അല്ലെന്നതാണ് റിപ്പോര്‍ട്ട്. മാർക്കറ്റ് ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച് വിജയിയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഇന്ത്യയില്‍ വെള്ളിയാഴ്ച ഏകദേശം 7 കോടി രൂപയാണ് നേടിയത്. വെള്ളിയാഴ്ച വിവിധ ഭാഷകളില്‍ ഇറങ്ങിയ പടങ്ങളുടെ കളക്ഷനെക്കാള്‍ കൂടുതലാണെങ്കിലും ചിത്രത്തിന്‍റെ രണ്ടാഴ്ച പിന്നീടാനുള്ള ശേഷിയെ ചോദ്യം ചെയ്യുന്നതാണ് ഈ സംഖ്യ.

ഈ വാരം തുടക്കത്തില്‍ അവധി ദിവസങ്ങളായ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 39 കോടിയും 34 കോടിയും നേടിയ ‘ലിയോ’ ഈ ആഴ്ചയിലെ ആദ്യ പ്രവര്‍ത്തി ദിവസമായ ബുധനാഴ്ച കളക്ഷനിൽ 56 ശതമാനം ഇടിവ് നേരിട്ടു. 13 കോടി രൂപയാണ് ബുധനാഴ്ച ലിയോ നേടിയത്. വ്യാഴാഴ്ച വീണ്ടും ചിത്രത്തിന്‍റെ ഇന്ത്യന്‍ ബോക്സോഫീസ് വരുമാനം 9 കോടിയായി ഇടിഞ്ഞു. നിലവില്‍ ലിയോയുടെ ഇന്ത്യയിലെ മൊത്തത്തിലുള്ള ബോക്‌സ് ഓഫീസ് കളക്ഷൻ 271.25 കോടി രൂപയിലെത്തി. ലിയോയ്ക്ക് വെള്ളിയാഴ്ച മൊത്തത്തിൽ 29.27% ​​ഒക്യൂപെന്‍സിയിലാണ് പ്രദര്‍ശിപ്പിച്ചത്.

അതേ സമയം ലിയോ കളക്ഷന്‍ സംബന്ധിച്ച് പരാതിയുമായി തമിഴ്നാട്ടിലെ തീയറ്റര്‍ ഉടമകളുടെ സംഘടന രംഗത്ത് എത്തിയിട്ടുണ്ട്. ചിത്രത്തിന്‍റെ റിലീസിന് മുന്‍പുതന്നെ റെവന്യൂ ഷെയറിംഗ് സംബന്ധിച്ച് നിര്‍മ്മാതാവിനും തിയറ്റര്‍ ഉടമകള്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ തന്നെയാണ് ലിയോയുടെ തമിഴ്നാട്ടിലെ വിതരണവും നിര്‍വ്വഹിച്ചിരിക്കുന്നത്.

തിയറ്റര്‍ ഉടമകള്‍ കളക്ഷന്‍റെ 80 ശതമാനം തങ്ങള്‍ക്ക് നല്‍കണമെന്നതായിരുന്നു കരാര്‍. ഇത്ര ഉയര്‍ന്ന ശതമാനം മുന്‍പ് മറ്റൊരു നിര്‍മ്മാതാവും ആവശ്യപ്പെടാതിരുന്നതാണ്. ഇതില്‍ പ്രതിഷേധിച്ച് തുടക്കത്തില്‍ ചിത്രം ബഹിഷ്കരിക്കാന്‍ ചെന്നൈയിലെ തിയറ്റര്‍ ഉടമകള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ലിയോ റിലീസ് ചെയ്യാന്‍ തിയറ്റര്‍ ഉടമകള്‍ തയ്യാറായി. തമിഴ്നാട്ടില്‍ 850 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ഉത്സവ സീസണില്‍ മറ്റ് ചിത്രങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ലിയോ പ്രദര്‍ശിപ്പിക്കാന്‍ തിയറ്റര്‍ ഉടമകള്‍ തയ്യാറാവേണ്ടിവരികയായിരുന്നെന്ന് തിരുപ്പൂര്‍ സുബ്രഹ്‍മണ്യം പറയുന്നു.

ലിയോയുടെ പുറത്തെത്തുന്ന കളക്ഷന്‍ കണക്കുകളെയും തിരുപ്പൂര്‍ സുബ്രഹ്‍മണ്യം വിമര്‍ശിക്കുന്നുണ്ട്. “ലിയോയുടെ യഥാര്‍ഥ കളക്ഷന്‍ സംബന്ധിച്ച കണക്കെടുപ്പുകളൊന്നും നടക്കുന്നില്ല. നിര്‍മ്മാതാവ് ലളിത് കുമാര്‍ അദ്ദേഹത്തിന് തോന്നിയതുപോലെ ചില കണക്കുകള്‍ അവതരിപ്പിക്കുകയാണ്”. ഓണ്‍ലൈന്‍ ബുക്കിംഗില്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ തെറ്റിദ്ധരിപ്പിക്കല്‍ നടത്തുന്നുണ്ടെന്നും സുബ്രഹ്‍മണ്യം ആരോപിക്കുന്നു.