ആർട്ടിഫിഷൽ ഇന്റലിജൻസ്, സെമി കണ്ടക്ടർ (ഇലക്ട്രോണിക് ചിപ്), ക്വാണ്ടം കംപ്യൂട്ടിങ് മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനു കേന്ദ്ര ഇലക്ട്രോണിക്സ്–ഐടി മന്ത്രാലയവും ഐബിഎം ഇന്ത്യയും തമ്മിൽ ധാരണ. സി–ഡാക്, എഐ ഇന്ത്യ–ഡിജിറ്റൽ കോർപറേഷൻ, ഇന്ത്യ സെമികണ്ടക്ടർ മിഷൻ എന്നിവയുമായി ഐബിഎം ഇന്ത്യ ഇതു സംബന്ധിച്ച കരാറിലൊപ്പിട്ടു.
ദേശീയ ക്വാണ്ടം മിഷന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കാനാണു സിഡാക്കും ഐബിഎമ്മും തമ്മിൽ ധാരണയായിരിക്കുന്നത്. ഈ രംഗത്തെ വ്യവസായങ്ങളുടെ വികസനത്തിനും ഗവേഷണത്തിനുമെല്ലാം ഇരുവരും കൈകോർക്കും. എഐ ഇന്നവേഷൻ പ്ലാറ്റ്ഫോം സ്ഥാപിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്ത്യ എഐയും ഐബിഎമ്മും സഹകരിക്കും. സെമി കണ്ടക്ടർ രംഗത്തെ ഗവേഷണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യ സെമികണ്ടക്ടർ മിഷനുമായി കമ്പനി സഹകരിക്കും.

