സഹകരണ ബാങ്ക് മേഖലയിലെ സംഭവവികാസങ്ങൾക്കിടെ ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിനു ട്രഷറി വകുപ്പ് പലിശ കൂട്ടി. സഹകരണ ബാങ്കിൽനിന്നു സ്ഥിരനിക്ഷേപം പിൻവലിക്കുന്നവരെ ആകർഷിക്കുകയാണു ലക്ഷ്യം. ഹ്രസ്വകാല നിക്ഷേപങ്ങൾക്കു പല ബാങ്കുകളും ട്രഷറിയെക്കാൾ ഉയർന്ന പലിശ നൽകുന്നുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് പലിശ കൂട്ടിയത്. ഈ മാസം ഒന്നാം തീയതി പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
സ്ഥിരനിക്ഷേപം പിൻവലിക്കുന്നതിനു പല പ്രാഥമിക സഹകരണ ബാങ്കുകളും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒറ്റത്തവണ പിൻവലിക്കാവുന്ന തുക 2 ലക്ഷമാക്കി പല ബാങ്കുകളും നിജപ്പെടുത്തി. സഹകരണ ബാങ്കുകളിൽനിന്നു പിൻവലിക്കുന്ന പണം പലരും ട്രഷറികളിലേക്കാണു മാറ്റുന്നത്. സ്ഥിര നിക്ഷേപത്തിനു മുതിർന്ന പൗരൻമാർക്ക് മറ്റുള്ളവരെക്കാൾ ഉയർന്ന പലിശ ബാങ്കുകൾ നൽകുന്നുണ്ട്. എന്നാൽ, വേർതിരിവില്ലാതെ എല്ലാവർക്കും ട്രഷറി ഉയർന്ന പലിശയാണു നൽകുന്നത്. നേട്ടം എന്ന സ്കീമിലൂടെ 8% പലിശ നൽകുന്ന കെഎസ്എഫ്ഇയിലേക്കും നിക്ഷേപകർ മാറുന്നുണ്ട്.

