ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രോണിക് ചിപ്പുകൾ (സെമി കണ്ടക്ടർ) 2024 ഡിസംബറിൽ പുറത്തിറങ്ങുമെന്ന് കേന്ദ്രസർക്കാർ. ഒരു വർഷത്തിനുള്ളിൽ മാത്രം നാലോ അഞ്ചോ സെമി കണ്ടക്ടർ പ്ലാന്റുകൾ രാജ്യത്ത് ആരംഭിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
സെമികണ്ടക്ടർ ഗവേഷണരംഗത്ത് യുഎസുമായി ധാരണാപത്രം ഒപ്പിട്ടതുവഴി 80,000 വിദഗ്ധ തൊഴിലുകൾ രാജ്യത്ത് സൃഷ്ടിക്കപ്പെടുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മൈക്രോൺ ടെക്നോളജി കമ്പനിയുടെ സെമികണ്ടക്ടർ പ്ലാന്റ് ഗുജറാത്തിൽ നിർമിക്കാനടക്കമാണ് യുഎസുമായി ധാരണയായിരിക്കുന്നത്. മൈക്രോണിന്റെ വരവ് വഴി മാത്രം നേരിട്ടുള്ള 5,000 തൊഴിലുകളുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ലാം റിസർച് എന്ന കമ്പനിയുമായി ചേർന്ന് അടുത്ത 10 വർഷത്തിനകം 60,000ലധികം എൻജിനീയർമാർക്ക് സെമികണ്ടക്ടർ മേഖലയിൽ പരിശീലനം നൽകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇതിന്റെ പൈലറ്റ് പദ്ധതി ഓഗസ്റ്റിൽ ആരംഭിക്കും.
കോവിഡ് കാലത്ത് ഡിജിറ്റൽ ഉപകരണങ്ങളുടെ ഡിമാൻഡ് വർധിച്ചതോടെയാണ് ഇലക്ട്രോണിക് ചിപ് ക്ഷാമമുണ്ടായത്. കാർ നിർമാണ മേഖലയിൽ ഉൾപ്പെടെ വൻതോതിൽ ചിപ് ക്ഷാമം പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഇന്ത്യയ്ക്ക് ആവശ്യമുള്ള ചിപ്പുകളുടെ വലിയൊരു ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഈ രീതി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

