ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തി എത്തിയ ചിത്രമായിരുന്നു ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രത്തില്‍ ബാഹുബലി താരം പ്രഭാസ് ആണ് നായകനെന്നതും ചിത്രത്തിന്റെ വിപണിമൂല്യം വര്‍ധിപ്പിച്ച ഘടകമായിരുന്നു.
നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്കനുസരിച്ച് 140 കോടിയാണ് ചിത്രം ആദ്യദിനം നേടിയിരിക്കുന്ന ഗ്രോസ്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള സംഖ്യയാണ് ഇത്. ഒരു ബോളിവുഡ് ചിത്രം നേടുന്ന എക്കാലത്തെയും വലിയ ഓപണിംഗ് ആണ് ഇതെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. സമീപകാല ബോളിവുഡിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്ന ഷാരൂഖ് ഖാന് ചിത്രം പഠാന്റെ ആദ്യദിന കളക്ഷന്‍ 106 കോടി ആയിരുന്നു.
അതേസമയം ചിത്രം റിലീസിന് മുന്‍പ് തന്നെ മുടക്കുമുതലിന്റെ 85 ശതമാനവും ചിത്രം തിരിച്ചുപിടിച്ചതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. 500 കോടി നിര്‍മ്മാണച്ചെലവുള്ള ചിത്രമാണിത്. സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വില്‍പ്പന വഴി 247 കോടി രൂപ ചിത്രം സമാഹരിച്ചതായി ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെന്നിന്ത്യയില്‍ നിന്ന് തിയറ്റര്‍ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടിയെന്നും അവരുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. അങ്ങനെ ആകെ 432 കോടി! അതേസമയം ആദ്യ ദിനം ലഭിച്ച നെഗറ്റീവ് മൌത്ത് പബ്ലിസിറ്റി ആദ്യ വാരാന്ത്യ കളക്ഷനില്‍ എത്തരത്തില്‍ പ്രതിഫലിക്കുമെന്ന ആശങ്ക സിനിമാലോകത്തിന് ഉണ്ട്.

