മിക്ക മാളുകളിലും, കച്ചവടസ്ഥാപനങ്ങളിലും ബിൽ പേ ചെയ്യുമ്പോൾ ഉപഭോക്താവിന്റെ ഫോൺ നമ്പർ കൂടി ആവശ്യപ്പെടുന്നത് പതിവാണ്. സേവനങ്ങൾ നൽകുന്നതിന് ഉപഭോക്താക്കളുടെ വ്യക്തിഗത കോൺടാക്റ്റ് വിശദാംശങ്ങൾ ആവശ്യപ്പെടരുതെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം ചില്ലറ വ്യാപാരികൾക്ക് നിർദ്ദേശം നൽകിയതായി ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് വ്യക്തമാക്കി.
മൊബൈൽ ഫോൺ നമ്പറുകൾ വ്യക്തിഗത വിവരമാണെന്നും അത് ഷോപ്പുകളോ മറ്റു വ്യാപാര സ്ഥാപനങ്ങളോ ചോദിക്കേണ്ടതില്ലെന്നും രോഹിത് സിംഗ് കൂട്ടിച്ചേർത്തു.
നിരവധി ഉപഭോക്താക്കൾ പരാതി നൽകിയതിനെ തുടർന്നാണ് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്. തങ്ങളുടെ കോൺടാക്റ്റ് നമ്പർ പങ്കിടാൻ വിസമ്മതിച്ചാൽ പല ചില്ലറ വ്യാപാരികളും തങ്ങൾക്ക് സേവനം നൽകുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇപ്പോഴും ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കളുടെ ഫോൺ നമ്പറുകൾ നിർബന്ധമായും ആവശ്യപ്പെടുന്നുണ്ട്. ഫോൺ നമ്പർ നൽകിയാൽ മാത്രം ബിൽ നൽകുന്ന വ്യാപാര സ്ഥാപനങ്ങളുമുണ്ട്. ഇതിനെതിരെ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി. വ്യക്തിഗത കോൺടാക്റ്റ് വിശദാംശങ്ങൾ നൽകുന്നതുവരെ ബിൽ അടിക്കാൻ കഴിയില്ലെന്ന് വിൽപ്പനക്കാർ പറയുന്നു. ഇത് അംഗീകരിക്കാനാവാത്തതാണ് എന്നും ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴിൽ അന്യായവും നിയന്ത്രിതവുമായ വ്യാപാര സമ്പ്രദായമാണെന്നും സെക്രട്ടറി പറഞ്ഞു.

