കുട്ടികൾക്കുള്ള മ്യൂച്വൽ ഫണ്ട് ; ഇളവ് വരുത്തിയ പുതിയ നിയമം ജൂൺ 15 മുതൽ

കുട്ടികൾക്കുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപ വ്യവസ്ഥകളിൽ ഇളവ് വരുത്തി സെബി. നിക്ഷേപത്തിന് കുട്ടികൾക്ക് ബാങ്ക് അക്കൗണ്ട് വേണമെന്ന വ്യവസ്ഥയിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) പുതുക്കിയ സർക്കുലർ പ്രകാരം മാതാപിതാക്കൾക്കോ നിയമപരമായ രക്ഷിതാക്കൾക്കോ അവരുടെ കുട്ടികൾക്കായി മ്യൂച്വൽ ഫണ്ട് സ്‌കീമുകളിൽ സ്വന്തം ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് നിക്ഷേപിക്കാൻ കഴിയും. 2023 മെയ് 12-ലെ പുതിയ സെബി സർക്കുലർ അനുസരിച്ച്, ഈ ആവശ്യത്തിനായി കുട്ടികൾക്ക് ഇനി ജോയിന്റ് ക്കൗണ്ടുകളോ പ്രത്യേക അക്കൗണ്ടുകളോ  എടുക്കേണ്ടതില്ല. 2023 ജൂൺ 15 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

പുതിയ സെബി സർക്കുലർ പ്രകാരം, പ്രായപൂർത്തിയാകാത്ത ഒരാളുടെ പേരിൽ നടത്തുന്ന മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ നിന്നുള്ള തുക പിൻവലിക്കുമ്പോൾ മുഴുവൻ തുകയും കുട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമേ ക്രെഡിറ്റ് ചെയ്യപ്പെടുകയുള്ളൂ. കൂടാതെ ഏതെങ്കിലും രീതിയിലുള്ള നിക്ഷേപത്തിനായുള്ള പേയ്‌മെന്റ്, പ്രായപൂർത്തിയാകാത്തയാളുടെ മാതാപിതാക്കളുടെയോ, നിയമപരമായ രക്ഷിതാവിന്റെയോ ബാങ്ക് അക്കൗണ്ടിൽ നിന്നുു സ്വീകരിക്കും.

മ്യൂച്വൽ ഫണ്ട് ഇടപാടുകളിൽ പുതിയ മാറ്റങ്ങൾ സുഗമമാക്കുന്നതിന് ജൂൺ 15, 2023 നകം ആവശ്യമായ മാറ്റങ്ങൾ വരുത്താൻ എല്ലാ അസറ്റ് മാനേജ്മെന്റ് കമ്പനികളോടും നിർദ്ദേശിക്കുന്നതായും, സെബി വ്യക്തമാക്കി. 2019 സർക്കുലറിൽ പറഞ്ഞിരിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും മാറ്റമില്ലാതെ തുടരുകയും ചെയ്യും.