അടുത്തിടെയാണ് സംസ്ഥാനത്ത് സ്‍മാർട്ട് ലൈസൻസ് കാർഡ് സംവിധാനം നടപ്പിലാക്കിയത്. ഏഴിലധികം സുരക്ഷാ സംവിധാനങ്ങളൊരുക്കിയ കാര്‍ഡുകളാണ് ലഭിക്കുക. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്‍റെ മാനദണ്ഡങ്ങൾ പ്രകാരം രൂപകൽപ്പന ചെയ്‍ത പുതിയ പെറ്റ് ജി (PET G) കാര്‍ഡ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞദിവസം വിതരണം ചെയ്‍ത് തുടങ്ങി.
ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം പരിവാഹന്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ഡ്രൈവിംഗ് ലൈസന്‍സിലെ പേരുമാറ്റല്‍, ഒരു ക്ലാസ് ഒഴിവാക്കല്‍ (Surrender of COV), മേല്‍വിലാസം മാറ്റല്‍, ജനനത്തീയതി മാറ്റല്‍, ഫോട്ടോയിലോ, ഒപ്പിലോ മാറ്റം വരുത്തല്‍, ലൈസന്‍സ് പുതുക്കല്‍, റീപ്ലെയ്‌സ്‌മെന്റ് എന്നീ സേവനങ്ങളാണ് വെബ്സൈറ്റ് വഴി ലഭിക്കുക. ഇതിൽ ഏതെങ്കിലും സേവനത്തിന് അപേക്ഷിച്ചാൽ, ആ കാര്യം നിറവേറ്റുന്നതിനൊപ്പം പുതിയ പെറ്റ് ജി (PET G) കാര്‍ഡ് ലൈസൻസും ലഭിക്കും. പ്രത്യേകിച്ച് സേവനങ്ങള്‍ ഒന്നും ആവശ്യമില്ലാത്തവര്‍ക്ക് പുതിയ പെറ്റ് ജി (PET G) കാര്‍ഡ് ലൈസന്‍സ് ലഭിക്കുന്നതിന് ‘Replacement of Licence’ എന്ന സേവനത്തിന് അപേക്ഷിച്ചാല്‍ മതി. ഇതിന് 200 രൂപയും തപാൽചാർജും നൽകണം. ഒരുവർഷം കഴിഞ്ഞാൽ 1200 രൂപ നൽകണം.
പെറ്റ് ജി കാർഡിലുള്ള പുത്തൻ ഡ്രൈവിങ് ലൈസൻസിനായി അപേക്ഷിക്കുന്നവര്‍ ശ്രദ്ധക്കേണ്ട നിരവധി കാര്യങ്ങള്‍ ഉണ്ട്. അതില്‍ ലൈസൻസിലുള്ള മേൽവിലാസം തെറ്റാതെ സൂക്ഷിക്കുക എന്നത് ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ഉണ്ട്. എറണാകുളം തേവരയിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സെന്ട്രലൈസ്ഡ് പ്രിന്റിംഗ് സ്‌റ്റേഷന്‍. അഡ്രസ് തെറ്റിയാല്‍ പിന്നെ അപേക്ഷകൻ നേരിട്ട് ഇവിടെ ചെല്ലേണ്ടി വരും.
മൊബൈല്‍ നമ്പര്‍ നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ ആണ് അപേക്ഷയോടൊപ്പം നല്‍കിയിരിക്കുന്നത് എന്ന് അപേക്ഷകന്‍ ഉറപ്പുവരുത്തണം. മൊബൈല്‍ നമ്പറില്‍ എന്തെങ്കിലും മാറ്റം ഉണ്ടെങ്കില്‍ അപേക്ഷാസമയത്ത് മാറ്റി നല്‍കുന്നതിന് അവസരം ഉണ്ട്. മേല്‍വിലാസം കണ്ടെത്തുന്നതിനോ, ലൈസന്‍സ് കൈമാറുന്നതിനോ പോസ്റ്റ്മാന് സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ട് അത് കൈമാറുന്നതിനാണ് മൊബൈല്‍ നമ്പര്‍ നിലവില്‍ ഉപയോഗത്തിലുള്ളതായിരിക്കണം എന്ന് വ്യക്തമാക്കിയിരിക്കുന്നത്
അപേക്ഷയുടെ സ്റ്റാറ്റസ്
ഒരു അപേക്ഷ പൂര്‍ത്തിയാക്കിയാല്‍ അതിന്റെ നിലവിലുള്ള അവസ്ഥ, പരിവാഹന്‍ വെബ്സൈറ്റില്‍ ആപ്ലിക്കേഷൻ സ്റ്റാറ്റസ് എന്ന മെനുവില്‍ പരിശോധിച്ച് അറിയാം. പൂര്‍ത്തിയാകുന്ന ഓരോ ഘട്ടവും രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ സന്ദേശം ആയി ലഭിക്കും. ഇപ്രകാരം ലൈസന്‍സ് അയച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കിയാല്‍ അതിന്റെ സ്പീഡ് പോസ്റ്റ് നമ്പര്‍ ആപ്ലിക്കേഷൻ സ്റ്റാറ്റസ് വഴി ലഭ്യമാകുന്നതും, ലൈസന്‍സ് ലൊക്കേഷന്‍ സ്പീഡ് പോസ്റ്റ് ട്രാക്കിംഗ് സംവിധാനം വഴി മനസിലാക്കാവുന്നതുമാണ്.
ലൈസന്‍സ് കൈപ്പറ്റാതെ വന്നാല്‍, അത് തിരികെ എറണാകുളത്ത് ഉള്ള കേന്ദ്രീകൃത ലൈസന്‍സ് പ്രിന്റിംഗ് കേന്ദ്രത്തിലേക്ക് ആയിരിക്കും തിരിച്ചെത്തുന്നത് (ഫോണ്‍: 0484-2996551). അത്തരത്തില്‍ ഉള്ള ലൈസന്‍സുകള്‍ കൈപ്പറ്റണമെങ്കില്‍, ഉടമ നേരിട്ട് തേവര കെയുആര്‍ടിസി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ സെന്ട്രലൈസ്ഡ് പ്രിന്റിംഗ് കേന്ദ്രത്തില്‍ തിരിച്ചറിയല്‍ രേഖയുമായി ഹാജരായാല്‍ മാത്രമേ ലഭിക്കുകയുള്ളു

