ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കത്തനാർ. പ്രഖ്യാപന സമയം മുതൽ ജനശ്രദ്ധനേടിയ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കുള്ള സിനിമ കൂടിയാണ്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ റോജിൻ തോമസ്.
ഫിലിപ്സ് ആന്റ് മങ്കിപ്പെൻ, ഹോം എന്നീ ഹിറ്റ് ചിത്രങ്ങൾ ശേഷം റോജിൻ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഏപ്രിൽ അഞ്ചിന് ആയിരുന്നു കത്തനാരുടെ ഷൂട്ടിംഗ് തുടങ്ങിയത്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 36 ഏക്കറിൽ നാൽപ്പത്തിഅയ്യായിരം അടി ചതുരശ്ര വിസ്തീർണ്ണമുള്ള പടുകൂറ്റൻ സെറ്റാണ് ഈ ചിത്രത്തിനു വേണ്ടി പൂക്കാട്ടുപടിയിൽ ഒരുക്കിയിരിക്കുന്നത്. തമിഴ് – തെലുങ്കു സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായതും മലയാളിയുമായ രാജീവൻ ആണ് സെറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
200 ദിവസത്തെ ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി വരുന്നതെന്ന് സംവിധായകനായ നേരത്തെ അറിയിച്ചിരുന്നു. ആർ.രാമാനന്ദാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഏറ്റവും നൂതന സാങ്കേതിക വിഭാഗമായ വി എഫ്.എക്സ് ആന്റ് വെർച്ച്വൽ പ്രൊഡക്ഷൻസിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. കൊറിയൻ വംശജനും കാനഡയിൽ താമസ്സക്കാരനുമായ ജെ.ജെ. പാർക്ക് ആണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കമ്പോസ് ചെയ്യുന്നത്.

