വായ്പാ തിരിച്ചടവ് മുടങ്ങുമ്പോൾ ഇനി പിഴപ്പലിശയ്ക്കു പകരം പിഴത്തുക. ഇതുസംബന്ധിച്ച കരട് മാർഗരേഖ റിസർവ് ബാങ്ക് പുറത്തിറക്കും. വായ്പാ അച്ചടക്കം കൊണ്ടുവരാനാണ് പിഴയെങ്കിലും പല ബാങ്കുകളും ഇത് ധനസമ്പാദന മാർഗമായി ഉപയോഗിക്കുന്നുവെന്ന് ആർബിഐ നിരീക്ഷിച്ചു.
നിലവിലുള്ള വായ്പാ പലിശനിരക്കിനു മേലാണ് പിഴപ്പലിശ കൂടി ചുമത്തുന്നത്. പല സ്ഥാപനങ്ങളും പല രീതിയിലാണ് പിഴപ്പലിശ ചുമത്തുന്നതെന്നും പരിശോധനകളിൽ ആർബിഐ കണ്ടെത്തി. സുതാര്യമായ രീതിയിൽ ന്യായമായ പിഴത്തുക (പീനൽ ചാർജസ്) മാത്രമേ ഈടാക്കാവൂ എന്നാണ് റിസർവ് ബാങ്കിന്റെ നിർദേശം. പിഴപ്പലിശ കണക്കാക്കുന്നതിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് കോടതികളിൽ ഒട്ടേറെ കേസുകളാണ് നിലനിൽക്കുന്നത്.

