ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായി മാളികപ്പുറം.

തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകർത്താടിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഈ വർഷത്തെ മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം എന്ന ഖ്യാതിയും സ്വന്തമാക്കിയിരിക്കുകയാണ് മാളികപ്പുറം. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

നാല്പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയിരിക്കുന്നത്. ഇതോടെ ഉണ്ണി മുകുന്ദന്‍റെ സിനിമാ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായി മാളികപ്പുറം മാറിയിരിക്കുകയാണ്. 2022 ഡിസംബര്‍ 30ന് ആയിരുന്നു മാളികപ്പുറത്തിന്‍റെ റിലീസ്. 

മൂന്നര കോടി രൂപയാണ് ചിത്രത്തിന്റെ നിർമാണചെലവ്. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. അല്ലു അർജുന്റെ കമ്പനിയായ ഗീതാ ആർട്സാണ് തെലുങ്ക് പതിപ്പിന്റെ വിതരണാവകാശം നേടിയത് .കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.