കെജിഎഫ് സംവിധായകന്‍റെ കഥയിൽ കന്നഡ അരങ്ങേറ്റത്തിന് ഫഹദ് ഫാസില്‍

തെലുങ്കിലും തമിഴിനും ശേഷം കന്നഡ സിനിമയിലും അരങ്ങേറ്റത്തിന് ഫഹദ് ഫാസില്‍.

ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ബഗീര എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിലിന്‍റെ കന്നഡ അരങ്ങേറ്റം. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് എന്നതും കൗതുകം. ഹൊംബാളെ ഫിലിംസിന്‍റെ മലയാള ചിത്രം ധൂമത്തിലും ഫഹദ് ആണ് നായകന്‍. ഈ സിനിമയുടെ ചിത്രീകരണം ഫഹദ് പൂര്‍ത്തിയാക്കിയിരുന്നു. 

പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ആക്ഷന്‍ ചിത്രത്തിന്‍റെ അടുത്ത ഷെഡ്യൂള്‍ ഫെബ്രുവരിയില്‍ ആരംഭിച്ചേക്കും. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് 2020 ഡിസംബറില്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ബംഗളൂരുവും മംഗളൂരുവുമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍.  നേരത്തെ ലക്കി ഉള്‍പ്പെടെയുള്ള ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഡോ. സൂരി.