ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണി, പിന്തള്ളിയത് ജപ്പാനെ.

ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയെന്ന റിപ്പോർട്ട്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സിന്റെ കണക്കനുസരിച്ച്, 2022 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ആകെ 4.13 ദശലക്ഷം പുതിയ വാഹനങ്ങൾ ഡെലിവറി ചെയ്യപ്പെട്ടതായി നിക്കി ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു.  ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ വിൽപ്പന മൊത്തം 4.25 ദശലക്ഷം യൂണിറ്റിലെത്തി.

രാജ്യത്തെ വാണിജ്യ വാഹന കമ്പനികളുടെ നാലാം പാദത്തിലെ വിൽപ്പന കണക്കുകൾ കൂടി പുറത്തു വരുന്നതോടെ ഇന്ത്യയിലെ വാഹന വില്പനയുടെ എണ്ണം  ഇനിയും ഉയരുമെന്ന് റിപ്പോർട്ട്. ടാറ്റ മോട്ടോഴ്‌സും മറ്റ് വാഹന നിർമ്മാതാക്കളും അവരുടെ വർഷാവസാന ഫലങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ആഗോള വാഹന വിപണിയിൽ 2021-ൽ ചൈന 26.27 ദശലക്ഷം വാഹനങ്ങൾ വിറ്റഴിച്ചു. 15.4 ദശലക്ഷം വാഹനങ്ങളുമായി യുഎസ് രണ്ടാം സ്ഥാനത്തും 4.44 ദശലക്ഷം യൂണിറ്റുകളുമായി ജപ്പാൻ മൂന്നാം സ്ഥാനത്തും എത്തിയിരുന്നു. 

സമീപ വർഷങ്ങളിൽ ഇന്ത്യയുടെ വാഹന വിപണിയിൽ വമ്പൻ മുന്നേറ്റം ഉണ്ടായതായി നിക്കി ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു. 2018-ൽ ഏകദേശം 4.4 ദശലക്ഷം വാഹനങ്ങൾ ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ  2019-ൽ ഇതിൽ അല്പം കുറവ് വന്നു. ബാങ്ക് ഇതര മേഖലയെ ബാധിച്ച വായ്പാ പ്രതിസന്ധിയെ തുടർന്ന് 4 ദശലക്ഷം യൂണിറ്റിൽ താഴെയായി 2019 ലെ വില്പന. 2020-ൽ കൊവിഡ് മഹാമാരി കാരണം ലോക്ക്ഡൗൺ ആരംഭിച്ചപ്പോൾ വാഹന വിൽപ്പന 3 ദശലക്ഷം യൂണിറ്റിന് താഴെയായി കുറഞ്ഞു. എന്നാൽ 2021-ൽ വിൽപ്പന വീണ്ടും ഉയർന്ന് 4 ദശലക്ഷം യൂണിറ്റിലേക്ക് എത്തി.