പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വിലക്കയറ്റത്തോത് ജൂലൈയിൽ വീണ്ടും ഉയർന്നു. രണ്ട് മാസത്തിനിടെ ഒരു ശതമാനത്തിലേറെ വർധിച്ച് 4.45 ശതമാനത്തിലെത്തി. മേയിൽ 3.48 ശതമാനവും ജൂണിൽ 4.38 ശതമാനവുമായിരുന്നു വിലക്കയറ്റത്തോത്.ഉള്ളി, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വർധനയും ഇന്ധനവിലയിലെ ഉയർച്ചയുമാണ് ജൂലൈയിലെ കണക്കുകളിൽ പ്രതിഫലിച്ചതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വ്യക്തമാക്കി.തുടർച്ചയായ രണ്ടാം മാസമാണ് രാജ്യത്തെ വിലക്കയറ്റത്തോത് നാല് ശതമാനം കടക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷ്യം വിലക്കയറ്റം നാല് ശതമാനത്തിൽ പിടിച്ചുനിർത്തുകയാണ്. ആറ് ശതമാനം വരെ ഉയർന്നാലും ആർബിഐയുടെ അനുവദനീയമായ പരിധിക്കുള്ളിലായിരിക്കും. എന്നാൽ അതിന് മുകളിലേക്ക് വിലക്കയറ്റം നീങ്ങിയാൽ അടിസ്ഥാന പലിശനിരക്ക് വർധിപ്പിക്കുന്നതടക്കമുള്ള നടപടികളിലേക്ക് ആർബിഐ കടന്നേക്കാം.ജൂലൈയിലെ വിലക്കയറ്റം 4.4 ശതമാനമായിരിക്കുമെന്നാണ് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും പ്രവചിച്ചിരുന്നത്.
ഭക്ഷ്യവിലക്കയറ്റവും ഉയർന്നു
ഭക്ഷ്യവിലക്കയറ്റത്തിലും ജൂലൈയിൽ വർധന രേഖപ്പെടുത്തി. ജൂണിലെ 5.32 ശതമാനത്തിൽ നിന്ന് ഇത് 5.52 ശതമാനമായി ഉയർന്നു.ഏപ്രിലിൽ ഭക്ഷ്യവിലക്കയറ്റം 4.2 ശതമാനവും മേയിൽ 4.78 ശതമാനവുമായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നത് മൊത്തം വിലക്കയറ്റത്തോത് ഉയരുന്നതിനും കാരണമായി.
കേരളത്തിന് ആശ്വാസം
അടുത്തകാലം വരെ രാജ്യത്ത് ഉയർന്ന വിലക്കയറ്റം രേഖപ്പെടുത്തിയിരുന്ന കേരളം ഇത്തവണ ദേശീയ ശരാശരിയേക്കാൾ താഴെയാണ്. സംസ്ഥാനത്തെ ജൂലൈയിലെ വിലക്കയറ്റത്തോത് 4.01 ശതമാനമാണ്.
എന്നാൽ ഗ്രാമീണ മേഖലയിൽ കേരളത്തിലെ വിലക്കയറ്റം ദേശീയ ശരാശരിയേക്കാൾ അൽപം കൂടുതലാണ്. രാജ്യത്തെ ഗ്രാമീണ വിലക്കയറ്റം 4.84 ശതമാനമായപ്പോൾ കേരളത്തിൽ ഇത് 4.91 ശതമാനമാണ്.നഗര മേഖലയിൽ ദേശീയതലത്തിലെ 3.96 ശതമാനത്തെ അപേക്ഷിച്ച് കേരളത്തിൽ വിലക്കയറ്റം 3.27 ശതമാനമാണ്.
ആന്ധ്രപ്രദേശ് മുന്നിൽ
സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന വിലക്കയറ്റം രേഖപ്പെടുത്തിയത് ആന്ധ്രപ്രദേശിലാണ്. ഇവിടെ ജൂലൈയിലെ വിലക്കയറ്റത്തോത് 5.72 ശതമാനമാണ്.തെലങ്കാന, തമിഴ്നാട്, കർണാടക, മധ്യപ്രദേശ് എന്നിവയാണ് ഉയർന്ന വിലക്കയറ്റം രേഖപ്പെടുത്തിയ മറ്റ് സംസ്ഥാനങ്ങൾ.അതേസമയം, ഡൽഹി, മിസോറാം, ത്രിപുര എന്നിവിടങ്ങളിലാണ് വിലക്കയറ്റത്തോത് ഏറ്റവും കുറവായി രേഖപ്പെടുത്തിയത്.
രാജ്യത്തെ വിലക്കയറ്റം തുടർച്ചയായി രണ്ടാം മാസവും നാല് ശതമാനം കടന്നതോടെ വരും മാസങ്ങളിലെ വിലനിലവാരം ആർബിഐയുടെ നയപരമായ തീരുമാനങ്ങളിൽ നിർണായകമാകും.

