ലോട്ടറിയും മദ്യവും വിറ്റാണു സംസ്ഥാന സർക്കാർ നിലനിൽക്കുന്നതെന്ന ആരോപണം ഖണ്ഡിക്കാൻ നിയമസഭയിൽ കണക്കുകൾ നിരത്തി മന്ത്രി കെ.എൻ.ബാലഗോപാൽ.
2021–22 സാമ്പത്തികവർഷം സംസ്ഥാനത്തിന്റെ ആകെ റവന്യു വരുമാനം 1,16,640.24 കോടി രൂപയാണ്. ഈ കാലയളവിൽ ലോട്ടറിയിൽനിന്നുള്ള വരുമാനം 559.64 കോടി രൂപ മാത്രമേയുള്ളൂ. മദ്യത്തിൽ നിന്ന് എക്സൈസ് ഡ്യൂട്ടിയായി 2009.37 കോടി രൂപയും വിൽപന നികുതി ഇനത്തിൽ 12700 കോടി രൂപയും ലഭിച്ചെന്നു മന്ത്രി പറഞ്ഞു.
നികുതി പിരിവ് സംസ്ഥാനം ഊർജിതമാക്കിയിട്ടുണ്ട്. 2021–22 സാമ്പത്തികവർഷത്തെ ആദ്യപാദത്തിൽ (ഏപ്രിൽ–ജൂൺ) 7369.06 കോടി രൂപ നികുതി വരുമാനം ലഭിച്ചപ്പോൾ 2022–23ലെ ആദ്യപാദത്തിൽ 12307.91 കോടിയായി. 67.02 ശതമാനത്തിന്റെ വർധന. 2021–22ലെ രണ്ടാം പാദത്തിൽ 10,444.06 കോടിയും ഈ വർഷം രണ്ടാം പാദത്തിൽ 13,739.68 കോടിയും നികുതി വരുമാനം ലഭിച്ചു. വർധന 31.55 %. അതേസമയം പൊതുമരാമത്ത്, ജലവിഭവം, ഹാർബർ എൻജിനീയറിങ് കരാറുകാർക്കു കുടിശികയായി 1212.76 കോടി രൂപ നൽകാനുണ്ടെന്നു മന്ത്രി പറഞ്ഞു

