സ്വന്തമായി ഒരു ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ അവസരവുമായി ആപ്പിൾ. ഉപഭോക്താക്കൾക്ക് ഒന്നുമുതൽ രണ്ട് വർഷം വരെ ലീസിങ് (മാസവാടക) അടിസ്ഥാനത്തിൽ ഐഫോൺ ഉപയോഗിക്കാനാകുന്ന പുതിയ പദ്ധതി കമ്പനി അവതരിപ്പിച്ചു. ഐഫോണിനൊപ്പം ആപ്പിൾ വാച്ച്, മാക്, ഐപാഡ് എന്നിവയ്ക്കും സമാന പദ്ധതികൾ നടപ്പാക്കാനാണ് കമ്പനിയുടെ നീക്കം.
ആദ്യഘട്ടത്തിൽ പദ്ധതി അമേരിക്കയിൽ മാത്രമായിരിക്കും ലഭ്യമാകുക. പ്രതിമാസം 17.99 ഡോളർ (ഏകദേശം ₹1,720) മുതലാണ് ലീസിങ് നിരക്ക്. ‘അപ്ഗ്രേഡ്’ എന്ന പേരിലുള്ള പദ്ധതി ‘ബൈ നൗ, പേ ലേറ്റർ’ സേവനദാതാക്കളായ ക്ലാർന (Klarna)യുമായി സഹകരിച്ചാണ് അവതരിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്കോർ വിലയിരുത്തിയ ശേഷമായിരിക്കും ഫോൺ അനുവദിക്കുക.ഐഫോണുകൾക്ക് പുറമെ, ആപ്പിൾ വാച്ചിന് ഒരു മുതൽ രണ്ട് വർഷം വരെയും മാക്, ഐപാഡ് എന്നിവയ്ക്ക് രണ്ട് മുതൽ മൂന്ന് വർഷം വരെയും ലീസിങ് കാലാവധി നൽകുന്നതും കമ്പനി പരിഗണിക്കുന്നുണ്ട്.
ആഗോളതലത്തിൽ ചിപ് ക്ഷാമം ചൂണ്ടിക്കാട്ടി ആപ്പിൾ അടുത്തിടെ ഐപാഡിന്റെയും മാക്കിന്റെയും വില 100 മുതൽ 1,000 ഡോളർ വരെ വർധിപ്പിച്ചിരുന്നു. ഐഫോണുകളുടെ വിലയും ഈ വർഷം ഉയരാനിടയുണ്ടെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കുറഞ്ഞ മാസച്ചെലവിൽ ഐഫോൺ ഉപയോഗിക്കാനുള്ള ലീസിങ് പദ്ധതി അവതരിപ്പിക്കുന്നതിലൂടെ വിലവർധനയുടെ ആഘാതം കുറയ്ക്കാൻ കമ്പനിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.നിലവിൽ അമേരിക്കയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഉപഭോക്താക്കൾ തവണ വ്യവസ്ഥയിലൂടെയാണ് ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങുന്നത്. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും പുതിയ മോഡലുകളിലേക്ക് വേഗത്തിൽ മാറാൻ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ‘അപ്ഗ്രേഡ്’ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ഒരു ഉപഭോക്താവ് ശരാശരി നാല് വർഷത്തിന് ശേഷമാണ് പുതിയ ഐഫോണിലേക്ക് മാറുന്നത്. ലീസിങ് പദ്ധതി വ്യാപകമാകുന്നതോടെ ഈ കാലയളവ് കുറയുമെന്നാണ് ആപ്പിളിന്റെ പ്രതീക്ഷ.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
ലീസിങ് കാലാവധി പൂർത്തിയായാൽ ഫോൺ കമ്പനിയിലേക്ക് തിരിച്ചുനൽകണം.
രണ്ട് വർഷം ഉപയോഗിച്ച ഫോൺ നിശ്ചിത തുക നൽകി സ്വന്തമാക്കാനും അവസരമുണ്ടാകും.
അല്ലെങ്കിൽ അധിക തുക നൽകി ഏറ്റവും പുതിയ ഐഫോൺ മോഡലിലേക്ക് അപ്ഗ്രേഡ് ചെയ്യാം.
മാസവാടക അടയ്ക്കുന്നതിൽ വീഴ്ചവന്നാൽ ലീസിങ് കരാർ റദ്ദാക്കി ഫോൺ തിരിച്ചേൽപ്പിക്കേണ്ടിവരും.
കരാറിൽ പ്രവേശിക്കാൻ പ്രത്യേക ഡെപ്പോസിറ്റ് നൽകേണ്ടതില്ല.
പ്രീമിയം മോഡലുകൾക്ക് ഉയർന്ന മാസവാടകയാണ് ഈടാക്കുക. ഉദാഹരണത്തിന്, ഐഫോൺ 17 പ്രോയ്ക്ക് പ്രതിമാസം 31.99 ഡോളർ (ഏകദേശം ₹3,060) നൽകണം. ഒരു വർഷത്തെ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 45.99 ഡോളർ (ഏകദേശം ₹4,415) വരെയാകും ചെലവ്.
അമേരിക്കയിൽ പദ്ധതി മികച്ച പ്രതികരണം നേടുന്ന സാഹചര്യത്തിൽ ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

